നരബലി: കൂടുതൽ മൃതദേഹങ്ങളുണ്ടോയെന്ന് സംശയം; ഇലന്തൂരിലെ വീട്ടിൽ വിശദപരിശോധന നടത്തും
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്തും
പത്തനംതിട്ട: നരബലി കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. രണ്ട് പേരെ നരബലി നടത്തിയ ഇലന്തൂരിലെ വീട്ടിൽ വിശദ പരിശോധനയ്ക്ക് നടത്തും.വീട്ടുവളപ്പ്മുഴുവൻ കുഴികളടുത്ത് പരിശോധിക്കും.കൂടുതൽ മൃതദേഹം മറവുചെയ്തിട്ടുണ്ടെയന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. ഇതിനായി ഇന്നോ നാളെയോ സംഘം പത്തനംതിട്ടയിലെത്തും.
മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് അന്വഷണ സംഘം തയ്യാറെടുക്കുന്നത്.വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്തും. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് പൊലീസ്.
നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിങിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ മൂന്ന് പേരേയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും കുഴിയെടുക്കലും പരിശോധനയും നടത്തുക. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഇതോടൊപ്പം നടക്കും.