'വെള്ളാപ്പള്ളിക്ക് ആള് മാറി പോയി, കേരളത്തിൽ ജാതി സെൻസസ് നടത്തണം'; ഹുസൈൻ മടവൂർ
വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മടവൂർ
വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് ഹുസൈൻ മടവൂർ. വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. വെള്ളാപ്പള്ളിക്ക് ആള് മാറി പോയി.കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും ഹുസൈൻ മടവൂർ മീഡിയവണിനോട് പറഞ്ഞു.
'ഏതാണ്ട് 28-30 ശതമാനം മുസ്‍ലിംകളുണ്ട് കേരളത്തിൽ. വെള്ളാപ്പള്ളി പറഞ്ഞതനുസരിച്ചാണെങ്കിൽ എല്ലാ രംഗത്തും മുസ്‍ലിംകൾ 30 ശതമാനത്തിലേറെയുണ്ടാകണം. മന്ത്രിമാർ,എം.പിമാർ,എം.എൽ.എമാർ,സർക്കാർ ജീവനക്കാർ ഈ രംഗത്തുള്ള ആളുകളുടെ എണ്ണം സർക്കാർ പുറത്ത് വിടണം. ജാതി സെൻസസ് എടുക്കേണ്ടത് നിർബന്ധമാണ്'.ഹുസൈൻ മടവൂർ പറഞ്ഞു.
ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു നവോത്ഥാന സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.