പൊതുദര്‍ശനം അവസാനിപ്പിച്ചു; ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ
ഒരു മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ അടക്കും
അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ. ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പുലർച്ചെ ഒരു മണിക്കു തന്നെ ഖബറടക്കാൻ ബന്ധുക്കളും പാർട്ടി നേതൃത്വവും തീരുമാനിച്ചത്. പാണക്കാട് ജുമാമസ്ജിദിൽ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം ഖബർസ്ഥാനിൽ ജനാസ മറവ് ചെയ്യും.
അർബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.