മുഈനലിക്ക് ചന്ദ്രികയുടെ ചുമതല നല്‍കിക്കൊണ്ടുള്ള ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്
ഫിനാന്‍സ് മാനേജര്‍ സമീറുമായി സംസാരിച്ച് ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.
മുഈനലി തങ്ങള്‍ക്ക് ചന്ദ്രികയുടെ ചുമതല നല്‍കിക്കൊണ്ടുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത് പുറത്ത്. മാര്‍ച്ച് അഞ്ചിന് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. ഫിനാന്‍സ് മാനേജര്‍ സമീറുമായി സംസാരിച്ച് ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് ചന്ദ്രികയുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അഭിഭാഷകനായ മുഹമ്മദ് ഷാ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഈനലി തങ്ങള്‍ ഇടപെട്ടത് വിവാദമായിരുന്നു. ചന്ദ്രികയുടെ പ്രതിസന്ധിക്ക് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ഫിനാന്‍സ് മാനേജര്‍ സമീര്‍ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്നും മുഈനലി പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഒരു ലീഗ് പ്രവര്‍ത്തകന്‍ മുഈനലിയെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു.
ചന്ദ്രികയുടെ കാര്യം പറയാന്‍ മുഈനലി ആരുമല്ലെന്നാണ് ലീഗ് നേതൃത്വവും അഭിഭാഷകനായ മുഹമ്മദ് ഷായും പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത്. ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ ചന്ദ്രികയുടെ മാനേജിങ് ഡയരക്ടറും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ ഹൈദരലി തങ്ങള്‍ നേരിട്ട് ചുമതലപ്പെടുത്തിയ വ്യക്തിയാണ് മുഈനലി എന്നാണ് കത്ത് വ്യക്തമാക്കുന്നത്.
നാളെ മലപ്പുറത്ത് ചേരുന്ന ലീഗ് ഭാരവാഹി യോഗത്തില്‍ മുഈനലിക്കെതിരെ നടപടിയുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഇപ്പോള്‍ ഹൈദരലി തങ്ങളുടെ കത്ത് പുറത്ത് വന്നിരിക്കുന്നത്. ഹൈദരലി തങ്ങള്‍ ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മുഈനലി ചന്ദ്രികയില്‍ ഇടപെടല്‍ നടത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് ഹൈദരലി തങ്ങളുടെ കത്ത്. അതുകൊണ്ട് തന്നെ ചന്ദ്രികയുടെ എക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം മുഈനലി നടത്തുന്ന വിമര്‍ശനങ്ങള്‍ ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.