'ബി.ജെ.പി അനുഭാവിയാണ്, പരാതി മറ്റാരുടെയും നിർദേശപ്രകാരമല്ല'; രാഷ്ട്രീയം വ്യക്തമാക്കി ജലീലിനെതിരെയുള്ള പരാതിക്കാരൻ
പൊലീസ് കുറ്റപത്രം രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു അഡ്വ. ജി.എസ് മണി
ന്യൂഡൽഹി: താൻ ബി.ജെ.പി അനുഭാവിയാണെന്നും കെ.ടി ജലീലിനെതിരെ ആസാദ് കശ്മീർ പരാമർശത്തിൽ നൽകിയ പരാതി മറ്റാരുടെയും നിർദേശപ്രകാരമല്ലെന്നും അഡ്വ. ജി.എസ് മണി. ന്യൂഡൽഹിയിൽ ജലീലിനെതിരെ പരാതി നൽകിയ ഇദ്ദേഹം മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലാണ് രാഷ്ട്രീയം വ്യക്തമാക്കിയത്. പൊലീസ് കുറ്റപത്രം രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം വായിക്കാനറിയില്ലെന്നും ജലീലിന്റെ പോസ്റ്റിനെ കുറിച്ച് വായിച്ചത് ദി ഹിന്ദു പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ജി.എസ് മണി പറഞ്ഞു.
ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് അഡ്വ. ജി.എസ്. മണി പരാതി നൽകിയത്. കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയത് പോസ്റ്റ് പിൻവലിക്കാനല്ലെന്നും കെടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമർശമുള്ള പോസ്റ്റ് പിൻവലിച്ചതായി ജലീൽ എഫ്.ബിയിലൂടെ തന്നെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് മണി പറഞ്ഞത്.
ആസാദ് കശ്മീർ പരാമർശം പിൻവലിച്ച് കെ.ടി ജലീൽ രംഗത്ത് വന്നിരുന്നു. തന്റെ കുറിപ്പിലെ ചിലപരാമർശങ്ങൾ തെറ്റിധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്ന് പറഞ്ഞ അദ്ദേഹം, താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.
പരാമർശം പിൻവലിക്കുന്നതിന് മുമ്പ് ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത് വന്നിരുന്നു. ഇരട്ട ഇൻവർട്ടഡ് കോമയിലാണ് വിവാദ പരാമർശം നടത്തിയതെന്നാണ് ജലീൽ വ്യക്തമാക്കിയിരുന്നത്. പാക്ക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്നു വിശേഷിപ്പിച്ചതാണ് വിവാദമായിരുന്നത്. നിലവിൽ കശ്മീരിൽ സന്ദർശനത്തിലാണ് അദ്ദേഹമുള്ളത്.
പരാമർശം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ജലീൽ പ്രതികരിച്ചിരുന്നത്. ഒറ്റവരിയിൽ ന്യായീകരണം ഒതുക്കുകയും ചെയ്തു. ''ഡബിൾ ഇൻവർട്ടഡ് കോമയിൽ 'ആസാദ് കശ്മീർ' എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്. കശ്മീർയാത്രാ അനുഭവങ്ങൾ പങ്കുവച്ച കുറിപ്പിന്റെ ഒടുവിൽ വാൽക്കഷണം എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം ചേർത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കശ്മീർയാത്രാ അനുഭവങ്ങൾ ജലീൽ ഫേസ്ബുക്കിൽ പോസ്റ്റായി പങ്കുവച്ചത്. ഇതിലാണ് പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്ന് അറിയപ്പെട്ടുവെന്ന് സൂചിപ്പിച്ചത്. ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീരെന്നും കുറിപ്പിൽ പറയുന്നുണ്ട്.
നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതിയുടെ ഇതര സംസ്ഥാന നിയമസഭാ സന്ദർശനങ്ങളുടെ ഭാഗമായാണ് ജലീൽ കശ്മീരിലെത്തിയത്. സമിതി ചെയർമാനായ മുൻ മന്ത്രി എ.സി മൊയ്തീനാണ് യാത്രയ്ക്കു നേതൃത്വം നൽകുന്നത്. യാത്രയുടെ ഭാഗമായി പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എം.എൽ.എമാർ സന്ദർശിച്ചിരുന്നു.
കശ്മീർ വിഷയത്തിൽ കെടി ജലീൽ നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജലീലിന്റേത് ദേശീയ താൽപര്യത്തിന് വിരുദ്ധമായ നിലപാടാണെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും അറിവോടെയാണോ പരാമർശമെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
I am a BJP supporter and the complaint against KT Jaleel on the Azad Kashmir reference is not at the behest of anyone else: Adv. GS mani
I am a BJP supporter and the complaint against KT Jaleel on the Azad Kashmir reference is not at the behest of anyone else: Adv. GS mani