ദിലീപ് തെറ്റോ ശരിയോ എന്ന് പറയുന്നില്ല; നടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നു-പിസി ജോർജ്
എനിക്ക് പറ്റിയ തെറ്റ് വേറെ ആർക്കും പറ്റാൻ പാടില്ല. ഞാൻ ആ കുഞ്ഞിനോട് പരസ്യമായി മാപ്പുചോദിക്കുകയാണ്. ആ കുഞ്ഞ് ശരിയോ തെറ്റോ എന്നതിലൊന്നും ഞാൻ ഇടപെടുന്നില്ല. അത് കോടതി നിശ്ചയിച്ചോളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പപേക്ഷയുമായി പിസി ജോർജ്. നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതിൽ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് ഞാൻ കടക്കുന്നില്ല. അത് കോടതി നിശ്ചയിക്കട്ടെ. കളിഞ്ഞ ദിവസം ഒഒരു ചാനലുകാരൻ ഞാൻ വലിയൊരു ഫങ്ഷനിൽ പങ്കെടുക്കുമ്പോൾ എന്നെ വിളിച്ചു. വിളിച്ചപ്പോൾ ഞാനാ പെൺകുട്ടിയെപ്പറ്റി സ്വൽപം കടുത്ത വർത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെൺകുഞ്ഞിനോട് ഞാൻ പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു മടിയുമില്ല. ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാൻ പാടില്ല എന്ന ഉപദേശം കൂടി നൽകുന്നു-പിസി ജോർജ് പറഞ്ഞു.
എനിക്ക് പറ്റിയ തെറ്റ് വേറെ ആർക്കും പറ്റാൻ പാടില്ല. ഞാൻ ആ കുഞ്ഞിനോട് പരസ്യമായി മാപ്പുചോദിക്കുകയാണ്. ആ കുഞ്ഞ് ശരിയോ തെറ്റോ എന്നതിലൊന്നും ഞാൻ ഇടപെടുന്നില്ല. അത് കോടതി നിശ്ചയിച്ചോളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിസി ജോർജ്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിൽ അദ്ദേഹം സംസാരിച്ചത്. വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനവുമുയർന്നിരുന്നു.
മുസ്‍ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും പി.സി ജോർജ് പറഞ്ഞു. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞുപോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ്ഡിപിഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ. ഈരാറ്റുപേട്ടയിലെ മുസ്‍ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോൽവിക്ക് കാരണമെന്നും പി.സി ജോർജ് പറഞ്ഞു.
കെ-റെയിൽ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യന്മാരെ വിളിച്ച് ചർച്ചനടത്തുകയാണ്. സമ്പന്നന്മാർ മാത്രമാണ് പിണറായിക്ക് മാന്യന്മാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ-റെയിൽ നടത്തുന്നത്. 15,000 കോടിയുടെ അഴിമതിയാണ് സിൽവർലൈൻ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.