ദുബൈ കെഎംസിസിയെ അടക്കി ഭരിച്ച നേതാവ്, ഒടുവിൽ ലീഗിൽ നിന്നു സസ്പെൻഷൻ; ഇബ്രാഹീം എളേറ്റിലിന് സംഭവിച്ചതെന്ത്?
തെരഞ്ഞെടുപ്പ് ഒഴിവാക്കി 2018-ൽ പ്രസിഡണ്ടിനെ തീരുമാനിച്ചതിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. സമീപകാലത്ത് പി.കെ അൻവർ നഹയടക്കം തന്റെ എതിർപക്ഷത്തുള്ളവർക്കെതിരായ നിയമനടപടികളുമായി എളേറ്റിൽ മുന്നോട്ടുപോയതോടെ കടുത്ത നടപടി സ്വീകരിക്കാൻ സാദഖലി തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്.
കോഴിക്കോട്: ദുബൈ കെഎംസിസി പ്രസിഡന്റും മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹീം എളേറ്റിലിനെ പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നിൽ കെഎംസിസിയിലെ അധികാരത്തർക്കവും സാമ്പത്തിക ക്രമക്കേടുകളുമെന്ന് സൂചന. ഏറെക്കാലമായി പലവിധത്തിലുള്ള ആരോപണങ്ങൾ നേരിടുന്ന എളേറ്റിലിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാർട്ടി കടുത്ത നടപടിയിലേക്കു നീങ്ങിയത്. മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ദുബൈ കെഎംസിസിയെ തന്റെ വരുതിയിലാക്കാൻ കരുക്കൾ നീക്കിയതും മിഡിലീസ്റ്റ് ചന്ദ്രികയ്ക്ക് കോടിക്കണക്കിന് രൂപയുടെ കടം വരുത്തിവെച്ചതും വർഷങ്ങൾക്കു മുമ്പുതന്നെ സാദിഖലി തങ്ങളുടെ അപ്രിയം പിടിച്ചുപറ്റിയതും എളേറ്റിലിന് തിരിച്ചടിയായെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
മിഡിലീസ്റ്റ് ചന്ദ്രികയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടടക്കം ഗുരുതര ആരോപണങ്ങൾ നേരിട്ട ഇബ്രാഹിം എളേറ്റിൽ 2014-ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് ദുബൈ കെഎംസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. എന്നാൽ, 2018-ൽ ഇദ്ദേഹം തൽസ്ഥാനത്ത് തിരിച്ചെത്തി. സംഘടനയിലെ വലിയൊരു വിഭാഗത്തിന്റെ എതിർപ്പിനിടയിലും തെരഞ്ഞെടുപ്പ് ഒഴിവാക്കി ഹൈദരലി ശിഹാബ് തങ്ങൾ എളേറ്റിലിനെ പ്രസിഡണ്ടായി പ്രഖ്യാപിക്കുകയായിരുന്നു. ചന്ദ്രികയെ രക്ഷിച്ചെടുക്കാമെന്ന വാഗ്ദാനവും എതിർപക്ഷത്തുള്ളവർക്കെതിരെയുള്ള ആരോപണങ്ങളും നിരത്തി ഹൈദരലി തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് എളേറ്റിൽ പദവി പിടിച്ചെടുത്തതെന്ന് എതിർപക്ഷത്തുള്ളവർ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ഒഴിവാക്കി 2018-ൽ പ്രസിഡണ്ടിനെ തീരുമാനിച്ചതിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. സമീപകാലത്ത് പി.കെ അൻവർ നഹയടക്കം തന്റെ എതിർപക്ഷത്തുള്ളവർക്കെതിരായ നിയമനടപടികളുമായി എളേറ്റിൽ മുന്നോട്ടുപോയതോടെ കടുത്ത നടപടി സ്വീകരിക്കാൻ സാദഖലി തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്. അൻവർ നഹ നേതൃത്വം നൽകിയ ദുബൈ കെഎംസിസി കമ്മിറ്റിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് എളേറ്റിൽ ഉന്നയിച്ചത്. നേരത്തെ, അൻവർ നഹയുടെയും അതിനു ശേഷമുള്ള എളേറ്റിലിന്റെയും നേതൃത്വത്തിലുള്ള കെഎംസിസി കമ്മിറ്റികളുടെ പ്രവർത്തനം പരേതനായ പി.എ ഇബ്രാഹീം ഹാജിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി ഓഡിറ്റ് ചെയ്ത് പാർട്ടിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിൽ നഹയുടെ കമ്മിറ്റിയി അപാകതകൾ കണ്ടെത്താനായിട്ടില്ലെന്നാണ് യുഎഇ കെഎംസിസി നേതൃത്വം പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കാതെ കെഎംസിസി നേതൃത്വത്തിനെതിരെ ദുബൈ പൊലീസിൽ പരാതി നൽകാൻ എളേറ്റിൽ തീരുമാനിച്ചു.
പൊലീസിൽ പരാതി നൽകിയാൽ സംഘടനയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേൽക്കുമെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും സാദിഖലി തങ്ങൾ എളേറ്റിലിനോട് പറഞ്ഞിരുന്നെങ്കിലും അത് വകവെക്കാതെ പരാതി ഫയൽ ചെയ്യുകയായിരുന്നു. പി.കെ അൻവർ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, പൊട്ടങ്കണ്ടി ഇസ്മായിൽ, അഡ്വക്കേറ്റ് സാജിദ് എന്നീ മുൻ ഭാരവാഹികൾക്കെതിരെയാണ് പരാതി നൽകിയത്. സംസ്ഥാന പ്രസിഡണ്ടിന്റെ വാക്കുകൾക്കു വിലനൽകാതെയുള്ള ഈ നീക്കം കടുത്ത അച്ചടക്ക ലംഘനമായി കണ്ടാണ് പാർട്ടി സസ്‌പെൻഷനിലേക്കു നീങ്ങിയത്. പ്രസിഡണ്ടായ ശേഷം സാദിഖലി തങ്ങൾ ദുബൈ സന്ദർശിച്ചപ്പോൾ എളേറ്റിലിന്റെ അനുയായികൾ അപമാനിക്കാൻ ശ്രമിച്ചെന്ന വിമർശനവും ഈ നീക്കത്തിന് വേഗത കൂട്ടി.
സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആരോപണം നേരിടുന്ന എളേറ്റിൽ മുഖം രക്ഷിക്കാനാണ് മുൻ ഭാരവാഹികൾക്കെതിരെ തിരിഞ്ഞതെന്നാണ് എതിർപക്ഷത്തുള്ളവർ പറയുന്നത്. മിഡിൽ ഈസ്റ്റ് ചന്ദ്രിക പ്രിന്റ് ചെയ്ത പ്രസ്സിൽ കൊടുക്കാനുള്ള 4 മില്യൺ ദിർഹം, ഒരു വ്യാപാര സ്ഥാപനത്തിനു കൊടുക്കാനുള്ള ഒരു മില്യൺ ദിർഹം, റാസൽഖൈമ ബാങ്കിൽ നിന്ന് പേഴ്‌സണൽ ലോൺ എടുത്ത അഞ്ചു ലക്ഷം ദിർഹം തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ എളേറ്റിലിനെതിരെ ആരോപണമുണ്ട്. പാർട്ടി പത്രമായ ചന്ദ്രിക ദുബൈയിൽ പൂട്ടേണ്ടി വന്നതിനു പിന്നിൽ എളേറ്റിലിന്റെ പിടിപ്പുകേടാണെന്നും സംഘടനാ വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്.