ഐ.സി.യു പീഡനക്കേസ്; അതിജീവിതയുടെ പരാതി ഉത്തരമേഖല ഐ ജി അന്വേഷിക്കും
സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു പീഡനക്കേസിൽ അതിജീവിതയുടെ പരാതി ഉത്തരമേഖല ഐ.ജി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അതിജീവിതക്ക് റിപ്പോർട്ട് നൽകാത്തത് ഉൾപ്പെടെ അന്വേഷിക്കും.
ഐ.സി.യു പീഡനക്കേസ് പുറത്ത് പറഞ്ഞപ്പോൾ തന്നെ ഡോക്ടർ കെ.വി പ്രീതി എന്ന ഗൈനക്കോളജിസ്റ്റിനെ അതിജീവിതയുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആശുപത്രി അധികൃതർ നിയോഗിച്ചിരുന്നു. എന്നാൽ ഡോക്ടർ തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നായിരുന്നു അതിജീവിതയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത കെ.വി പ്രീതിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. അതിൽ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിനുവേണ്ടി പൊലീസിനെയും സർക്കാരിനെയും പലതവണ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ഇതോടെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ അതിജീവിത പരസ്യമായി സമരം ആരംഭിച്ചു. ഇതോടെയാണ് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നത്. അതിജീവിതയുടെ മുഴുവൻ പരാതികളും അന്വേഷിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ഉത്തരമേഖല ഐ.ജിയോട് നിർദേശിച്ചിരിക്കുന്നത്.