'ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹത്തെ കാണുന്നു'; വിവാഹമോചനത്തിനെതിരെ ഹൈക്കോടതി
എപ്പോൾ വേണമെങ്കിലും ഗുഡ്ബൈ പറഞ്ഞ് പോകാവുന്ന ലിവിങ് ടുഗദർ ബന്ധങ്ങൾ കേരളത്തിൽ വർധിച്ചു.
കൊച്ചി: വിവാഹമോചനത്തെ വിമർശിച്ച് ഹൈക്കോടതി. ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയിൽ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
ഉപയോഗിക്കുക, വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളേയും ബാധിച്ചെന്നും കോടതി നിരീക്ഷിച്ചു. ആലപ്പുഴ സ്വദേശികളുടെ വിവാഹമോചന ഹരജി തള്ളിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
കേരളം ഒരു കാലത്ത് ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ ദുർബലവും സ്വാർഥവുമായ കാര്യങ്ങൾക്കും വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹ ബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത.
ബാധ്യതകളില്ലാതെ ജീവിതം ആഘോഷിക്കുന്ന ജീവിതത്തിന് തടസമാകുന്ന തിന്മയായാണ് പുതുതലമുറ വിവാഹത്തെ കാണുന്നതെന്നും കോടതി പറഞ്ഞു. ഭാര്യയെന്നാൽ എന്നന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി.
എപ്പോൾ വേണമെങ്കിലും ഗുഡ്ബൈ പറഞ്ഞ് പോകാവുന്ന ലിവിങ് ടുഗദർ ബന്ധങ്ങൾ കേരളത്തിൽ വർധിച്ചു. എങ്ങനെയാണ് ഇത്തരം ബന്ധങ്ങൾ വർധിച്ചുവരുന്നതെന്നും കോടതി ചോദിച്ചു. കുടുംബകോടതി ഹരജി തള്ളിയതിനെതിരെ യുവാവ് സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണങ്ങൾ.