ഓണത്തിന് ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ നാളെ അവലോകനയോഗം
ഓണത്തിരക്ക് കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നുണ്ട്.
ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം വിലയിരുത്താൻ നാളെ അവലോകനയോഗം ചേരും. ടിപിആർ ഉയരുന്നതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനിടയുണ്ട്. ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഇളവ് ഇന്നും തുടരുകയാണ്
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മാസത്തിനിടെ ആദ്യമായി ഇന്നലെ ടിപിആർ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതൽ.ഓണത്തിരക്ക് കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നുണ്ട്.
നാളെ ചേരുന്ന അവലോകനയോഗം കോവിഡ് സാഹചര്യം വിലയിരുത്തും. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് ഓൺലൈൻ വഴിയായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ടിപിആർ ഉയരുന്നത് കൊണ്ട് നിയന്ത്രണങ്ങൾ കുറച്ച് കടുപ്പിക്കണമെന്നാവശ്യം ആരോഗ്യവകുപ്പിനുണ്ട്.
ഓണക്കാലത്ത് കുറഞ്ഞ പരിശോധന വർധിപ്പിക്കണമെന്നാണ് വിദഗ്ദ സമിതിയുടെ നിലപാട്. ഇക്കാര്യങ്ങളെല്ലാം അവലോകനയോഗത്തിൽ ചർച്ച ചെയ്യും. അതേസമയം ഓണത്തിന്റെ ഭാഗമായുള്ള ഞായറാഴ്ച ലോക്ക്ഡൗൺ ഇളവ് തുടരുകയാണ്. സാധാരണ രീതിയിൽ നിയന്ത്രങ്ങൾ പാലിച്ച് കടകൾക്ക് ഇന്നും പ്രവർത്തിക്കുന്നുണ്ട്.