ഇലന്തൂർ ഇരട്ട നരബലി കേസ്; ആദ്യ കുറ്റപത്രം ഇന്നോ നാളയോ സമർപ്പിക്കും

മൂന്ന് പ്രതികളുടെയും കുറ്റം തെളിയിക്കാൻ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് ഡിസിപി

Update: 2023-01-06 02:07 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്നോ നാളെയോ കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക.മൂന്ന് പ്രതികളുടെയും കുറ്റം തെളിയിക്കാൻ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് എറണാകുളം ഡിസിപി എസ് ശശിധരൻ മീഡിയവണിനോട് പറഞ്ഞു.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. തമിഴ്‌നാട് സ്വദേശി പത്മത്തെ ഇലന്തൂരിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാൽ തുടക്കം മുതൽ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാല് അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര് ചെയ്തിട്ടുളള റോസ്ലിയെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം അടുത്ത ആഴ്ച അന്വേഷണ സംഘം പെരുമ്പാവൂർ കോടതിയിൽ സമർപ്പിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News