കാറിന്റെ ഡോർ തുറന്ന് മുഖ്യമന്ത്രി പറഞ്ഞു "വിജയാ.. വാ, കയറിയിരിക്ക്.."

"..അത്ഭുതമായിരുന്നു എനിക്ക്. ശ്വാസം വിടാൻ പോലും സമയമില്ലാത്ത വ്യക്തി എനിക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുകയാണ്"

Update: 2023-08-02 12:20 GMT
Editor : banuisahak | By : Web Desk
Advertising

'എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചാണ്ടി സാറിന്റെ ശബ്ദം: "എവിടെ നമ്മുടെ വിജയൻ?"... നിയമന ഉത്തരവിന്റെ ഫയൽ നമ്പർ കാണാനില്ലെന്ന പരാതിയുമായി സെക്രട്ടറിയേറ്റിന്റെ പടി കയറിയിറങ്ങി മടുത്ത സമയത്താണ് മുൻ ഇന്ത്യൻ ഫുട്‍ബോൾ താരം ഐഎം വിജയൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മുന്നിലെത്തുന്നത്.

സർവീസിൽ ജോയിൻ ചെയ്തിരുന്നെങ്കിലും ഔദ്യോഗിക രേഖയുടെ കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്ന വിജയൻ വലിയ പ്രതീക്ഷയില്ലാതെയാണ് അന്നും സെക്രട്ടറിയേറ്റിൽ എത്തിയത്. സി പി ഐ നേതാവ് സുനിൽ കുമാറിനൊപ്പം അദ്ദേഹത്തെ ചെന്ന് കണ്ടു. തിരക്കിനിടയിലും കാത്തുനിൽക്കൂ എന്നൊരു മറുപടി.. ഉമ്മൻചാണ്ടിക്കൊപ്പമുള്ള ആ അനുഭവം ഓർത്തെടുക്കുകയാണ് ഐഎം വിജയൻ. 

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ:-

"കോടിയേരി സാർ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് ഞാൻ സർവീസിൽ പുനഃപ്രവേശിക്കുന്നത്; 2011 ൽ. തൊട്ടു പിന്നാലെ പൊതു തിരഞ്ഞെടുപ്പ് വന്നു. ആ സമയത്താണ് ഞെട്ടലോടെ ഒരു കാര്യം അറിഞ്ഞത്. എന്റെ നിയമന ഉത്തരവിന്റെ ഫയൽ നമ്പർ കാണാനില്ല. സർവീസിൽ ജോയിൻ ചെയ്തിരുന്നെങ്കിലും ഔദ്യോഗിക രേഖ ഇല്ലെങ്കിൽ എന്തു ചെയ്യും? ആകെ അനിശ്ചിതത്വം.

തിരഞ്ഞെടുപ്പുകാലമായതിനാൽ ആരോട് ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിക്കാത്ത അവസ്ഥ. ആറു മാസമാണ് ഞാൻ ആ ഫയൽ നമ്പറിന് വേണ്ടി സെക്രട്ടേറിയറ്റിൽ കയറിയിറങ്ങിയത്. അതിനകം യു ഡി എഫ് ഭരണത്തിലേറിയിരുന്നു. ഭരണമാറ്റത്തിന്റെ സമയമായതുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ആർക്കുമില്ല സമയം. എല്ലാവരും തിരക്കിലാണ്.

പക്ഷേ എന്റെ പ്രശ്നത്തിന്റെ ഗൗരവം എനിക്കല്ലേ അറിയൂ. അടുത്ത് പരിചയമുള്ള സി പി ഐ നേതാവ് സുനിൽ കുമാർ സാറിനെ ചെന്നു കണ്ട് കാര്യം ഉണർത്തിച്ചു. ക്യാബിനറ്റ് യോഗം നടക്കുന്ന ദിവസമാണ്. സുനിൽ കുമാർ സാർ എന്നെയും കൊണ്ട് മുഖ്യമന്ത്രിയുടെ ക്യാബിനിൽ ചെല്ലുന്നു. ഒരു ഉത്സവത്തിനുള്ള ആളുണ്ടവിടെ. പല വിധ ആവശ്യങ്ങളുമായി വന്നവർ. എല്ലാവരുടെയും പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയാണ് മുഖ്യമന്ത്രി. 

ഞാൻ പറഞ്ഞുതുടങ്ങിയതും ഉമ്മൻ ചാണ്ടി സാർ ചിരിച്ചുകൊണ്ട് ഇടപെട്ടു: "വിജയൻ, ഒരു കാര്യം ചെയ്യൂ. കുറച്ചു നേരം ആ ലിഫ്റ്റിന്റെ അടുത്ത് കാത്തുനിൽക്കൂ. അധികം വൈകാതെ ഞാൻ അവിടെയെത്തും. നമുക്കൊരുമിച്ചു ലിഫ്റ്റിൽ പോകാം. അപ്പോൾ സംസാരിക്കാമല്ലോ..." അത്ഭുതമായിരുന്നു എനിക്ക്. ശ്വാസം വിടാൻ പോലും സമയമില്ലാത്ത വ്യക്തി എനിക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുകയാണ്.

ക്ഷമയോടെ കാത്തുനിന്നു ഞാൻ. ഒരു മണിക്കൂറോളമെടുത്തു തിരക്കിനിടയിൽ നിന്ന് മോചിതനായി അദ്ദേഹം ലിഫ്റ്റിനടുത്തെത്താൻ. ലിഫ്റ്റ് വന്നതും മുഖ്യമന്ത്രിക്ക് പിന്നാലെ അകത്തു കയറിപ്പറ്റാൻ വലിയൊരു പുരുഷാരം തിടുക്കം കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. ആ തിരക്കിൽ എനിക്ക് ഇടിച്ചുകയറാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചാണ്ടി സാറിന്റെ ശബ്ദം: "എവിടെ നമ്മുടെ വിജയൻ?"

 ഒട്ടും സമയം പാഴാക്കാതെ തിരക്കിനിടയിലൂടെ ലിഫ്റ്റിൽ കയറിപ്പറ്റി; മുഖ്യമന്ത്രിയുടെ ഒരു കൈ സഹായത്തോടെ. ലിഫ്റ്റിലെ ശബ്ദാകോലാഹലത്തിനിടയിൽ പരസ്പരം സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങൾ. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയതും മുന്നിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം വന്നു നിന്നതും ഒപ്പം.വിഷമം തോന്നി. ചാണ്ടി സാർ ഉടൻ കാറിൽ കയറി പോകും. എന്റെ ആവലാതികൾ ഇനിയെങ്ങനെ അദ്ദേഹത്തെ ധരിപ്പിക്കാൻ ?

പക്ഷേ തെല്ലും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. വാതിൽ തുറന്ന് കാറിൽ കയറിയിരുന്ന ശേഷം ഉമ്മൻ ചാണ്ടി സാർ പറഞ്ഞു: "വിജയാ, വാ, കയറിയിരിക്ക്.."ശരിക്കും ഞെട്ടിപ്പോയി ഞാൻ; ചുറ്റുമുള്ളവരും. തെല്ലൊരു സങ്കോചത്തോടെ ഞാൻ പിൻ സീറ്റിൽ അദ്ദേഹത്തിന് തൊട്ടടുത്തിരുന്നു. മറ്റൊരു കായികതാരത്തിനും കിട്ടാനിടയില്ലാത്ത സൗഭാഗ്യമാണ് എനിക്ക് വീണുകിട്ടിയിരിക്കുന്നത്; സംസ്ഥാന മുഖ്യമന്ത്രിയോടൊപ്പം കാറിൽ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുക.

സെക്രട്ടേറിയറ്റിലേക്കുള്ള യാത്രാമധ്യേ എന്റെ പ്രശ്നം ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു, ക്ഷമയോടെ എല്ലാം കേട്ടിരുന്നു അദ്ദേഹം. എന്നിട്ട് സ്വതഃസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു: "ടെൻഷൻ വേണ്ട, എല്ലാം നമുക്ക് ശരിയാക്കാം." വെറുമൊരു ആശ്വാസവാക്കല്ല അതെന്ന് മുഖത്തെ സൗമ്യമായ ചിരി വിളിച്ചുപറയുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോൾ പുറത്തുതട്ടിക്കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു: "ഞാനല്ലേ പറയുന്നത്, സമാധാനമായി പോകൂ.."

ഒരു മാസത്തിനകം എനിക്ക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി നിയമന ഉത്തരവ് ലഭിക്കുന്നു. മേലുദ്യോഗസ്ഥനായ ഷറഫലി സാർ ആണ് ഓർഡർ എടുത്തു തന്നത്. ഉത്തരവ് ലഭിച്ചതും നേരെ ചെന്ന് മുഖ്യമന്ത്രിയെ കണ്ടു; നന്ദി പറയാൻ. അഭിനന്ദനങ്ങളോടെയാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. പിറ്റേന്ന് തന്നെ ഞാൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു."

Full View

നമ്മുടെ വിജയാനല്ലേ എന്ന ഒറ്റ ചോദ്യത്തിന്റെ പുറത്ത് തനിക്ക് ഡബിൾ പ്രൊമോഷൻ കിട്ടിയതും ഐഎം വിജയന് മറക്കാനാകില്ല. ഡബിൾ പ്രൊമോഷൻ ശുപാർശ ക്യാബിനറ്റിൽ വെച്ചപ്പോൾ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. ഒരു മറുചോദ്യം പോലുമില്ലാതെ ഉത്തരവിൽ ഒപ്പിട്ടു അദ്ദേഹം. 

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഐഎം വിജയൻ. ആ ഓർമ്മകൾക്ക് മുൻപിൽ എത്ര തൊഴുതാലും മതിയാകില്ലെന്ന് പറഞ്ഞ് മടങ്ങുമ്പോൾ അവിടെയെത്തുന്ന എല്ലാവരുടെയും മനസിലുള്ളത് പോലെ ഒരു ചോദ്യം വിജയന്റെ മനസിലും ഉയർന്നിരുന്നു... ഇനിയുണ്ടാകുമോ അതുപോലൊരു നേതാവ്?

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News