ഗുണ്ടാ നേതാവിന് വേണ്ടി ലോക്കൽ സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം; സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു
ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് അന്വേഷണം
പത്തനംതിട്ട: തിരുവല്ല സിപിഎമ്മിലെ ആള്‍മാറാട്ട പരാതിയില്‍ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തി സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ പ്രകാശ് ബാബു വിവാഹത്തിന് ഇടനില നിന്നെന്നാണ് പരാതി.
ഈ മാസം ആദ്യമാണ് അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ നെടുമ്പ്രം ലോക്കൽ സെക്രട്ടറി എന്ന വ്യാജേന പ്രകാശ് ബാബു എത്തിയത്. പൊടിയാടി സ്വദേശിയായ ഗുണ്ടാ നേതാവിന് വേണ്ടിയായിരുന്നു ആൾമാറാട്ടം. ഗുണ്ടാ നേതാവിന് ക്ലീൻ ചീട്ട് നൽകാനാണ് നെടുമ്പ്രം ലോക്കൽ സെക്രട്ടറി എന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ തിരുവല്ല ഏരിയ സെക്രട്ടറിയുമായി ബന്ധപ്പെട്ടു.
അമ്പലപ്പുഴയിലെ പെൺകുട്ടിയുടെ വീട്ടിൽ യഥാർഥ ലോക്കൽ സെക്രട്ടറിമായാണ് ഏരിയ സെക്രട്ടറി എത്തിയത്.ഏരിയാ സെക്രട്ടറി പെൺകുട്ടിയുടെ വീട്ടുകാർക്ക് കാണിച്ച ഫോട്ടോയിൽ നിന്ന് പ്രകാശ് ബാബുവാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് ഏരിയ കമ്മിറ്റി പ്രകാശ് ബാബുവിന്റെ ആൾമാറാട്ടം വ്യക്തമായത്. നെടുമ്പ്രം ലോക്കൽ സെക്രട്ടറി വിനയചന്ദ്രന്റെ പരാതിയിൽ സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നിലവിൽ ദേവസ്വംബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന ആൾ കൂടിയാണ് പ്രകാശ് ബാബു.