ലോക്സഭ തെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാർഥികളുടെ കാര്യത്തില്‍ ഈ മാസം പകുതിയോടെ തീരുമാനമുണ്ടായേക്കും
മുതിർന്ന നേതാക്കളെ അടക്കം കളത്തിലിറക്കി പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാർഥികളുടെ കാര്യത്തില്‍ ഈ മാസം പകുതിയോടെ തീരുമാനമുണ്ടായേക്കും. 10,11,12 തിയതികളിലായി സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും. മുതിർന്ന നേതാക്കളെ അടക്കം കളത്തിലിറക്കി പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.
20 ലോക്സഭ സീറ്റുകളില്‍ 19 ലും വമ്പന്‍ പരാജയം. കനല്‍ ഒരു തരി ആയപ്പോയ അവസ്ഥയായിരിന്നു കഴിഞ്ഞ തവണ ഇടതുമുന്നണിക്ക്. രാഹുല്‍ ഗാന്ധി വന്നതും ശബരിമലയും എല്ലാം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടി. ഇടതുമുന്നണിക്ക് കാര്യമായി എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ട് സ്ഥാനാർഥി നിർണയമടക്കം വേഗത്തിലാക്കാനാണ് ഇടത് മുന്നണിയുടെ ആലോചന. ഈ മാസം 11,12 തിയതികളില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങിനൊപ്പം ലോക് സഭ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
10,11 തിയതികളില്‍ സി.പി.ഐ സംസ്ഥാന,നേതൃയോഗങ്ങളും ചേരുന്നുണ്ട്. ചില പുതുമുഖങ്ങള്‍ക്കൊപ്പം പരിചയ സമ്പന്നരെ കൂടി തെരഞ്ഞെടുപ്പ് ഗോദയിലിറക്കാനാണ് സി.പി.എം ആലോചന. കൊല്ലത്ത് ഇരവിപുരം എം.എല്‍.എ എ. നൗഷാദ്,മുകേഷ്,ചിന്താ ജെറോം എന്നീ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രന്‍റെ പേര് കേള്‍ക്കുന്നുണ്ട്. ആലപ്പുഴയില്‍ സിറ്റിങ് എം.പിയായ ആരിഫിനാണ് മുന്‍ഗണന. ടി.എം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ അവിടെ സ്ഥാനാർഥിയാകും. പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നീ പേരുകളാണ് കേള്‍ക്കുന്നത്. എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കും. ഇടുക്കിയില്‍ മുന്‍ എം.പി ജോയ്സ് ജോർജിന്‍റെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജ്,ആലത്തൂർ എകെ ബാലന്‍,കെ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍ പാർട്ടിയുടെ ആലോചനയിലുണ്ട്.
കോഴിക്കോട് ഡി.വൈ.എഫ്ഐ. സംസ്ഥാന പ്രസിഡന്‍റ് വി. വസീഫോ എളമരം കരീമോ സ്ഥാനാർഥി ആയേക്കും. കണ്ണൂരിലും വടകരയിലും കെ.കെ ശൈലജയുടെ പേര് കേള്‍ക്കുന്നുണ്ട്. കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ പേരും സജീവമാണ്. കാസർഗോഡ് ടി.വി രാജേഷ്,വി.പി.പി മുസ്തഫ,എന്നിവരെ പരിഗണിക്കുന്നതായാണ് വിവരം. തൃശൂരില്‍ വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.അരുണ്‍കുമാറും സി.പി.ഐയ്ക്ക് വേണ്ടി മത്സരിച്ചേക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍,ആനി രാജ എന്നീ പേരുകള്‍ പരിഗണിക്കുമ്പോള്‍ വയനാട്ടെ സ്ഥാനാർഥി നിർണയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല.