പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു

Update: 2022-07-22 16:47 GMT
Advertising

കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. 

കല്ലേരി സ്വദേശി സജീവനാണ്  (42)  പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇന്നലെ രാത്രി സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിട്ടയച്ചതിന് ശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പൊലീസ് സജീവനെ മർദിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചു.

ഇന്നലെ രാത്രി വടകരയ്ക്ക് സുഹൃത്തുക്കളോടൊപ്പമായിരുന്നു സജീവൻ വടകരയ്‌ക്കെത്തിയത്. ഇവരുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് തർക്കമുണ്ടായി. തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സജീവനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ എസ്.ഐയും കോൺസ്റ്റബിളും സജീവനെ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

തുടർന്ന് നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്‍റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.

പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയ്യാറായില്ല. സുഖമില്ലാതെ കിടക്കുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെയാണ് സജീവൻ മരിച്ചത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News