സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി തിരിച്ചടയ്ക്കാൻ എത്തിച്ച ഒരു കോടിയുടെ സീരിയൽ നമ്പറുകൾ പരിശോധിക്കും
പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇൻകം ടാക്സ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി.
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ബാങ്ക് ഓഫ് ഇന്ത്യയിൽ തിരിച്ചടയ്ക്കാൻ എത്തിച്ച ഒരു കോടി രൂപയുടെ സീരിയൽ നമ്പരുകൾ ആദായ നികുതി വകുപ്പ് പരിശോധിക്കും. കണക്കിൽപ്പെടാത്ത പണമാണെന്ന് ചൂണ്ടിക്കാട്ടി പണം തിരിച്ചടയ്ക്കുന്നത് ആദായ നികുതി വകുപ്പ് തടഞ്ഞിരുന്നു. നേരത്തേ ബാങ്കിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപയുടെ സീരിയൽ നമ്പറുകളുമായി ഒത്തുനോക്കിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ആദായ നികുതി റിട്ടേണിൽ വെളിപ്പെടുത്താത്ത അക്കൗണ്ട് ആണെന്ന് കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎമ്മിന്റെ തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചത്. പിൻവലിച്ച പണം ചെലവഴിക്കരുതെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്താനും ആദായനികുതി വകുപ്പ് നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പിൻവലിച്ച പണം തിരിച്ചടയ്ക്കാനുള്ള നീക്കവുമായി ഇന്നലെ വൈകിട്ട് സിപിഎം ജില്ലാ സെക്രട്ടറി ബാങ്കിലെത്തി അധികൃതരുമായി ചർച്ച നടത്തിയത്. എന്നാൽ കണക്കിൽപ്പെടാത്ത പണമാണെന്ന ഇൻകം ടാക്സിന്റെ നിലപാട് കാരണം ഈ പണം തിരിച്ചടയ്ക്കാനായില്ല.
ബാങ്കിൽ എത്തിച്ച പണത്തിന്റെ സീരിയൽ നമ്പറുൾപ്പടെയുള്ള വിശദാംശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ തുടർനടപടികൾ. പണം താൽക്കാലികമായി ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇൻകം ടാക്സ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി.