ആന്‍റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ 3 നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
ആന്‍റണി പെരുമ്പാവൂര്‍, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്.
കൊച്ചിയിൽ മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. ആന്‍റണി പെരുമ്പാവൂര്‍, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന. ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആന്‍റണി പെരുമ്പാവൂരിന്‍റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്‍റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിം, ആന്‍റോ ജോസഫിന്‍റെ ആന്‍റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിക്കുന്നത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. നിർമാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് സമീപകാലത്ത് വലിയ രീതിയിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്തിരുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റിലൂടെയും മ്യൂസിക് റൈറ്റിലൂടെയും നിർമാതാക്കൾ വരുമാനം നേടുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്നതും പരിശോധിക്കുന്നുണ്ട്.