അട്ടപ്പാടിയിൽ സർക്കാർ കണക്കിന് പുറത്തും ശിശുമരണങ്ങൾ
2013 മുതൽ 2021 ഒക്ടോബർ 31 വരെ ഉള്ള കണക്ക് പ്രകാരം 114 നവജാത ശിശുക്കളാണ് മരിച്ചിട്ടുള്ളത്
അട്ടപ്പാടിയിൽ സർക്കാർ കണക്കിന് പുറത്തും ശിശുമരണങ്ങൾ. ഗർഭാവസ്ഥയിൽ ശിശു മരിക്കുന്നതും ചാപിള്ളയുമൊന്നും ശിശു മരണ പട്ടികയിലിടം പിടിക്കില്ല. 2 വയസിന് മുകളിലുള്ള കുട്ടികളുടെ മരണവും സർക്കാർ പട്ടികക്ക് പുറത്താണ്. ഇങ്ങനെയുളള 37 മരണങ്ങൾ ഈ വർഷം നടന്നതായി കണക്കുകൾ.
മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീന് നിയമസഭയിൽ നിന്നും ലഭിച്ച മറുപടിയാണിത്. ആകെ 2 കുട്ടികൾ ഈ വർഷം മരിച്ചു എന്നാണ് നിയമസഭ മറുപടിയിൽ പറയുന്നത്. ഈ വർഷം മാത്രം ഏഴ് ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. അഞ്ച് ചാപ്പിള കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം 22 ആദിവാസി യുവതികളുടെ ഗർഭം അലസിപോയി. ഇതെന്നും സർക്കാർ ശിശുമരണത്തിന്‍റെ ഗണത്തിൽ ഉൾപെടുത്തുന്നില്ല.
രണ്ട് മുതൽ അഞ്ച് വയസ് പ്രായത്തിനിടയിലുള്ള 3 കുട്ടികൾ ഈ വർഷം മരിച്ചു. ഇതും ശിശു മരണ കണക്കിൽ വരില്ല. 2013 മുതൽ 2021 ഒക്ടോബർ 31 വരെ ഉള്ള കണക്ക് പ്രകാരം 114 നവജാത ശിശുക്കളാണ് മരിച്ചിട്ടുള്ളത്.