ആലുവയിൽ റോഡിലെ കുഴിയിൽ ബൈക്ക് വീണ് പരിക്കേറ്റയാൾ മരിച്ചു
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും കൈക്കുഴ തെറ്റുകയും ചെയ്തിരുന്നു.
കൊച്ചി: ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ ബൈക്ക് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറമ്പിളളി കുന്നത്തുകര സ്വദേശി കുടംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് മരിച്ചത്.
ആഗസ്റ്റ് 20നാണ് ചാലക്കൽ പതിയാട്ട് കവലയ്ക്കു സമീപത്തെ റോഡിലെ കുഴിൽ മുഹമ്മദ് സഞ്ചരിച്ച ബൈക്ക് വീണത്. അന്നു മുതല്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നും അപകടം.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും കൈക്കുഴ തെറ്റുകയും ചെയ്തിരുന്നു. മുഖംകുത്തിയാണ് കുഞ്ഞുമുഹമ്മദ് കുഴിയിൽ വീണത്. തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ആലുവയിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലുമായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
കൈക്കുഴയ്ക്ക് ശസ്ത്രക്രിയ നടത്തുകയും ഫിസിയോതെറാപ്പി ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും കോമയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് മരണപ്പെട്ടത്. ഇന്ന് സമാനമായി ഇതര സംസ്ഥാന തൊഴിലാളിക്ക് കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.
സംഭവത്തിനു പിന്നാലെ ഇതുവരെ കുഴിയടക്കാന്‍ ശ്രമം നടത്തിയിരുന്നില്ല. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും മരണം വാര്‍ത്തയാവുകയും ചെയ്തതോടെ താല്‍ക്കാലികമായി കുഴിയടയ്ക്കാനുള്ള ശ്രമം നടത്തി.
സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനുമെതിരെ കേസെടുക്കണം എന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നിരന്തരം അപകടം നടക്കുന്ന സ്ഥലമാണ് ആലുവ- പെരുമ്പാവൂര്‍ റോഡ്. ഇവിടെ ഇരുചക്ര യാത്രികര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവാണ്.