ഗ്യാൻവ്യാപി മസ്ജിദ് പൂജക്ക് തുറന്നു കൊടുത്ത കോടതി വിധി ആശങ്കാജനകമെന്ന് ഐ.എൻ.എൽ
ബാബരി മസ്ജിദിന്റെ ചരിത്രാവർത്തനത്തിലേക്ക് രാജ്യത്തെ വീണ്ടും കൊണ്ടുപോകാനുള്ള ഏത് ശ്രമത്തെയും രാജ്യത്തെ മത നിരപേക്ഷ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു
കോഴിക്കോട്: ആരാധനാലയ സംരക്ഷണാർത്ഥം പാർലമെന്റ് പാസ്സാക്കിയ ശക്തമായ നിയമം ( ആരാധനാലയ സംരക്ഷണനിയമം 1991) രാജ്യത്ത് നിലവിലുണ്ടായിരിക്കെ ഗ്യാൻ വ്യാപി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനക്ക് തുറന്നു കൊടുക്കണമെന്ന വാരാണസി കോടതി വിധി ആശങ്കജനകമാണെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കെ.പി. ഇസ്മായിലും ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ.അബ്ദുൽ അസീസും പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്തുത വിധി കോടതിയുടെ അമിതാധികാര പ്രയോഗവും ജുഡീഷ്യൽ ആക്റ്റീവിസവുമാണ്. രാജ്യത്തെ ജനത വൈകാരിമായി കാണുന്നതും സമാധാന ലംഘന സാഹചര്യത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കേണ്ട നീതിബോധമോ പക്വതയോ കോടതിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാബരി മസ്ജിദിന്റെ ചരിത്രാവർത്തനത്തിലേക്ക് രാജ്യത്തെ വീണ്ടും കൊണ്ടുപോകാനുള്ള ഏത് ശ്രമത്തെയും രാജ്യത്തെ മത നിരപേക്ഷ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു.