'സംഘ്പരിവാറുമായി ചങ്ങാത്തം കൂടുന്നവർ ഖേദിക്കേണ്ടിവരും' – ഐ.എൻ.എൽ
ചർച്ചുകളും അരമനകളും കയറി നിരങ്ങുന്നത് ക്രൈസ്തവരോടുള്ള സ്നേഹം കൊണ്ടല്ലെന്നും 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ഗിമ്മിക്കാണെന്നും ഐ.എൻ.എൽ പ്രമേയത്തിൽ പറഞ്ഞു
കോഴിക്കോട്: ക്രൈസ്തവ വിഭാഗങ്ങളോട് മോദി സർക്കാറും ബി.ജെ.പിയും ഇപ്പോൾ കാട്ടുന്ന സ്നേഹപ്രകടനം തനി കാപട്യമാണെന്നും സംഘ്പരിവാറുമായി ചങ്ങാത്തം കൂടിയവർ ഒടുവിൽ വഞ്ചിക്കപ്പെട്ടതാണ് അനുഭവമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗം. ചർച്ചുകളും അരമനകളും കയറി നിരങ്ങുന്നത് ക്രൈസ്തവരോടുള്ള സ്നേഹം കൊണ്ടല്ലെന്നും 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ഗിമ്മിക്കാണെന്നും പ്രമേയത്തിൽ പറഞ്ഞു.
വിശ്വാസി സമൂഹത്തിന്റെ വികാരവിചാരങ്ങൾ മറന്ന് ആർ.എസ്.എസുമായി രാഷ്ട്രീയ ഡീലുകളിലേർപ്പെട്ട് ഇരകളെ ഒറ്റുകൊടുക്കുന്ന ഈ കൊടും വഞ്ചനയിൽനിന്ന് മതമേലധ്യക്ഷന്മാർ പിൻമാറണമെന്നും ഐ.എൻ.എൽ ആവശ്യപ്പെട്ടു. പാർട്ടി സ്ഥാപക ദിനമായ ഏപ്രിൽ 23 'ഐ.എൻ.എൽ ഡേ' ആയി വിവിധ പരിപാടിളോടെ ആഘോഷിക്കാനും തീരുമാനിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ വിയോഗ ദിനമായ ഏപ്രിൽ 27ന് ജില്ലാതല പരിപാടികളും സുലൈമാൻ സേട്ട് സെന്ററിലേക്കുള്ള ഫണ്ട് സമാഹരണ കാമ്പയിന്റെ ഉദ്ഘാടനവും നടത്തും. പിണറായി സർക്കാറിന്റെ രണ്ടാം വാർഷിക പരിപാടികൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.
പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, ഡോ. എ.എ. അമീൻ, എം.എം. മാഹീൻ, മൊയ്തീൻ കുഞ്ഞി കളനാട്, എം.എ. ലത്തീഫ്, അഷ്റഫലി വല്ലപ്പുഴ, ഒ.ഒ. ശംസു, എം.എ. സുലൈമാൻ, ജിയാഷ് കരീം, നിഷ വിനു, എം.എം. ഇബ്രാഹിം,ശോഭ അബൂബക്കർ ഹാജി, സി.പി. അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.