സർക്കാർ ഓഫീസിൽ വ്യാജൻ; തിരൂരങ്ങാടി ആർ.ടി ഓഫീസിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ പരിശോധന
സർക്കാർ ഉദ്യോഗസ്ഥൻ അല്ലാത്തയാൾ ഓഫീസിൽ ജോലി ചെയ്യുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി
മലപ്പുറം: തിരൂരങ്ങാടി ജോയിൻ ആർ.ടി ഓഫീസിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സി വി എം ഷെരീഫിന്റെ നേതൃത്വത്തിൽ പരിശോധന. സർക്കാർ ഉദ്യോഗസ്ഥനല്ലയാൾ ഓഫീസിൽ ജോലി ചെയ്യുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയാണ്.
സബ് ആർ. ഓഫീസിൽ ഉദ്യോഗസ്ഥൻമാരുടെ കമ്പ്യൂട്ടറിൽ അവരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഉദ്യോഗസ്ഥൻ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായായിരുന്നു ഇയാളുടെ പ്രവർത്തനം. ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേർന്നാണ് ഇയാൾ ശമ്പളം നൽകിയിരുന്നത്.
സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങളുണ്ടായതിന്റെ ഭാഗമായി കൂടിയാണ് വളരെ വേഗത്തിൽ പരിശോധന നടത്തുന്നത്. മീഡിവൺ വാർത്ത പുറത്തെത്തിയതിന് പിന്നാലെ അന്വേഷണത്തിന് ഗതാഗത കമ്മിഷണർ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലും ഉടൻ പരിശോധനയുണ്ടാകുമെന്നാണ് വിവരം. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
വാർത്തയെ തുടർന്ന് ഓഫീസിൽ യൂത്ത് ലീഗ് അടക്കം പ്രതിഷേധം നടത്തിയിരുന്നു.