മുട്ടിൽ മരംമുറി കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ല; ആവശ്യം തള്ളി ഡിജിപി
അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഡിവൈഎസ്പി ബെന്നി കത്ത് നൽകിയിരുന്നു.
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ല. തിരൂർ ഡിവൈ.എസ്പി വി.വി. ബെന്നി അന്വേഷണ ഉദ്യോഗസ്ഥനായി തുടരും. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബാണ് തീരുമാനമെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഡിവൈഎസ്പി ബെന്നി കത്ത് നൽകിയിരുന്നു. മരംമുറി കേസിലെ പ്രതികൾ സമ്മർദം ചെലുത്തുവെന്ന് കത്തിൽ പറഞ്ഞിരുന്നു. ബെന്നിയുടെ ആവശ്യം തള്ളിയ ഡിജിപി കുറ്റപത്രം വേഗത്തിൽ നൽകാൻ നിർദേശിച്ചു.
മുട്ടിൽ മരംമുറി അന്വേഷണത്തിന്റെ പേരിൽ പ്രതികള്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും താനൂർ കസ്റ്റഡി മരണത്തിന്റെ പേരിൽ തന്നെയും സേനയെയും സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു. മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്തത് വി.വി. ബെന്നിയാണ്.