അടൂരിലെ കാറപകടത്തിലെ ദുരൂഹത: മരിച്ച ഹാഷിമിന്റെയും അനുജയുടെയും ഫോണുകൾ സൈബർ സെല്ലിന് കൈമാറി

പോസ്റ്റ് മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമാകും

Update: 2024-03-30 03:22 GMT
Editor : Lissy P | By : Web Desk
Advertising

അടൂർ: പത്തനംതിട്ട അടൂരിലെ കാറപകടത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മരിച്ച ഹാഷിമിന്റെയും  അനുജയുടെയും ഫോണുകൾ സൈബർ സെല്ലിന് കൈമാറി. ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുരൂഹത നീക്കാനാണ് പൊലീസിന്റെ ശ്രമം. പോസ്റ്റ് മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമാകും.

 കാറപകടത്തിൽ പോലീസ് കേസെടുത്തിരുന്നു .ലോറി ഡ്രൈവർക്ക് എതിരെ ഐപിസി 304 ഏ പ്രകാരമാണ് കേസെടുത്തത്. അശ്രദ്ധ മൂലം മരണത്തിന് കാരണമായി എന്നതാണ് കേസ്. മരണപ്പെട്ട അനുജയുടെ സഹ അധ്യാപകന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, മരണപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത്. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

തുമ്പമൺ നോർത്ത് വിഎച്ച്എസ്എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു. കുളക്കടയിൽ വെച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾകകം അപകടം നടന്നതായി പൊലീസ് പറയുന്നു. കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടതായി എനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ പറഞ്ഞു.വാഹനത്തിൽ അനുജയും ഒരു പുരുഷനും ഉണ്ടായിരുന്നു. മർദനമേറ്റ അനുജ കാറിൽ നിന്നിറങ്ങി വീണ്ടും കയറുന്നതും കണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു.

കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടയ്നർ ലോറിയുടെ ഡ്രൈവർ ബംഗാൾ സ്വദേശി ഷാരൂഖ് പറഞ്ഞു.

ഹാഷിം അനുജൻ ആണെന്നാണ് അനുജ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്. എന്നാൽ ഇരുവരും തമ്മിൽ പരിചയമുള്ളതായി അറിയില്ലെന്ന് രണ്ടുപേരുടെയും ബന്ധുക്കൾ പറയുന്നു.  കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News