ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി

ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Update: 2022-01-21 01:50 GMT
Advertising

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് കൂടി ചുമത്തി. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു ചെങ്ങമനാട് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണി കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും ഹരജിയിൽ പറയുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയതടക്കം ദിലീപിന്‍റെ ഇടപെടലാണെന്ന ഗുരുതര ആരോപണമുന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.

ലൈംഗിക പീഡനത്തിന് വേണ്ടി ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയെന്ന് നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഈ കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചു. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്‍റെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ. ഗൂഢാലോചനയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ദിലീപ് ഉന്നത സ്വാധീനമുള്ള വ്യക്തിയാണ്. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News