ഓർഡർ ചെയ്തത് 70,000 രൂപയുടെ ഐഫോൺ; ആമസോണിൽ നിന്നെത്തിയത് സോപ്പും അഞ്ചു രൂപ തുട്ടും

ഹൈദരാബാദിൽ നിന്ന് ഡെസ്പാച്ചായ ഫോൺ പിന്നീട് സേലത്ത് ഒരു ദിവസം നിന്നു. ഇതിൽ സംശയം തോന്നിയതിനാലാണ് ഫോൺ ഡെലിവറി ബോയുടെ മുന്നിൽ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുൽ അമീൻ പറയുന്നു

Update: 2021-10-15 16:54 GMT
Advertising

കൊച്ചി: ആമസോണിൽ ഓർഡർ ചെയ്ത 70,900 രൂപയുടെ ഐഫോൺ 12ന് പകരമെത്തിയത് വിം വാഷിങ് സോപ്പും അഞ്ചു രൂപാ തുട്ടും. ആലുവ തോട്ടുംമുഖം സ്വദേശിയായ നൂറുൽ അമീനാണ് ഐഫോൺ പെട്ടിയിൽ സോപ്പും നാണയവും കിട്ടിയത്. ഫോൺ ഡെലിവറി ബോയുടെ മുന്നിൽ വെച്ചുതന്നെ അൺബോക്‌സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബർ 12നാണ് നൂറുൽ അമീൻ ഐഫോൺ 12 ക്രെഡിറ്റ് കാർഡ് വഴി ഇ.എം.ഐ. ആയി ആമസോണിൽ ഓർഡർ ചെയ്യുന്നത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയിൽ നിന്നാണ് ഫോൺ വാങ്ങിയത്. ഹൈദരാബാദിൽ നിന്ന് ഡെസ്പാച്ചായ ഫോൺ പിന്നീട് സേലത്ത് ഒരു ദിവസം നിന്നു. ഇതിൽ സംശയം തോന്നിയതിനാലാണ് ഫോൺ ഡെലിവറി ബോയുടെ മുന്നിൽ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുൽ അമീൻ പറയുന്നു.

'ആമസോണിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നയാളാണ് ഞാൻ. വിദേശത്ത് ജോലി ചെയ്യുന്നതിനാൽ പിതാവിന്റെ അഡ്രസിലാണ് സാധനങ്ങൾ വാങ്ങാറ്. ഇപ്പോൾ നാട്ടിലുണ്ടെങ്കിലും ആമസോണിലെ ഡെലിവറി അഡ്രസ് അതുതന്നെയാണ്. 12നാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 12 ഓർഡർ ചെയ്തത്. അന്നുതന്നെ ഫോൺ ഡെസ്പാച്ച് ആവുകയും ചെയ്തു.'

'സാധാരണ ഗതിയിൽ തെലങ്കാനയിൽ നിന്ന് ഡെസ്പാച്ച് ചെയ്യുന്ന സാധനങ്ങൾ രണ്ടു ദിവസത്തിനകം കൊച്ചിയിൽ എത്തേണ്ടതാണ്. എന്നാൽ, മൂന്നു ദിവസത്തിനു ശേഷമാണ് ഫോൺ കൊച്ചിയിൽ എത്തിയത്. അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാർത്തയും കേട്ടിരുന്നു. വില കൂടിയ ഐറ്റം കൂടി ആയതിനാലാണ് ചതി പറ്റില്ലെന്ന് ഉറപ്പിക്കാൻ ഡെലിവറി ബോയുടെ മുന്നിൽ വെച്ചുതന്നെ വീഡിയോ എടുത്തത്. ഐഫോണിന്റെ പെട്ടിയുടെ പുറത്തുള്ള പ്ലാസ്റ്റിക് കോട്ടിങ് പൊട്ടിച്ച് തുറന്നപ്പോൾ പൊട്ടിക്കാത്ത ഒരു വിം ബാറും പാതി കഷ്ണവും അഞ്ചു രൂപ തുട്ടുമാണ് അകത്തുണ്ടായിരുന്നത്. ഏകദേശം ഫോണിന്റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങൾ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്' -നൂറുൽ അമീൻ വ്യക്തമാക്കുന്നു. അപ്പോൾ തന്നെ ആമസോൺ കസ്റ്റമർ കെയറിൽ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങൾ ആവശ്യപ്പെട്ട് മറുപടി മെയിൽ ലഭിച്ചിട്ടുണ്ടെന്നും നൂറുൽ അമീൻ കൂട്ടിച്ചേർത്തു. സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.




 



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News