പഞ്ചാബ് നാഷണൽ ബാങ്കിലെ ക്രമക്കേട്; കൂടുതൽ തട്ടിപ്പുകൾ നടന്നതായി സംശയം
കോഴിക്കോട് കോർപ്പറേഷന് നഷ്ടമായത് 10 കോടി രൂപ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 10 കോടി രൂപ തിരിമറി നടത്തിയ പഞ്ചാബ് നാഷണൽ ബാങ്കിൽ കൂടുതൽ തട്ടിപ്പുകൾ നടന്നതായി സംശയം. മറ്റ് ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതും ബാങ്ക് പരിശോധിച്ച് വരികയാണ്. പണം തട്ടിയ മാനേജർ എംപി റിജിൽ ഇപ്പോഴും ഒളിവിലാണ്.
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് മാത്രം പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതിൽ രണ്ട് കോടി 53 ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖ മാനേജർ റിജിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് കോർപ്പറേഷന്റെ കുടുംബശ്രീ അക്കൗണ്ടിൽ നിന്ന് 8 കോടി രൂപ തട്ടിയതിന് പിന്നിലും റിജിൽ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കോർപ്പറേഷന്റെ മറ്റ് അക്കൗണ്ടുകളുടെ വിശദമായ പരിശോധന പൂർത്തിയായാൽ മാത്രമാണ് കൂടുതൽ തുക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് കണ്ടെത്താനാവുക.
മറ്റ് വൻകിട ഇടപാടുകാരുടെ അക്കൗണ്ടുകളിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്നതിലും പ്രാഥമിക പരിശോധനകൾ നടന്ന് വരികയാണ്. റിജിൽ തട്ടിയെടുത്ത 2 കോടി 53 ലക്ഷം രൂപ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിരുന്നു. വർഷങ്ങളായി തുടരുന്ന തട്ടിപ്പിന് പിന്നിൽ മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കും. കോർപറേഷന്റെ പണം തിരിമറി നടത്തിയ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാഞ്ചിലേക്ക് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. കോർപ്പറേഷൻ സെക്രട്ടറിയെ മാറ്റി നിർത്തി ക്രമക്കേടിൽ സമഗ്രാന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.