'നിയമനങ്ങൾ നടത്താൻ പുതിയ വകുപ്പുകൾ ചേർത്തു'; സാങ്കേതിക സർവകലാശാലയിലും ക്രമക്കേടെന്ന് ആരോപണം

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി

Update: 2022-08-24 01:35 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ നിയമനം വിവാദമായിരിക്കെ സാങ്കേതിക സർവകലാശാലയിലും ക്രമക്കേട് നടന്നതായി പരാതി. പി.എസ്.സി വഴി നടത്തേണ്ട അനധ്യാപക നിയമനങ്ങൾ സർവകലാശാലക്ക് നേരിട്ട് നടത്താനായി പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തെന്നാണ് ആരോപണം.

കഴിഞ്ഞ ആറുവർഷം നടന്ന നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ചാൻസലറായ ഗവർണറെ സമീപിച്ചു. 2020 ൽ കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സർവകലാശാലാ സ്റ്റാറ്റിയൂട്ടുകളിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിയെന്നാണ് പരാതി. ഡയറക്ടർ, ജോയിൻറ് ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ എന്നീ അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ സർവകലാശാലക്ക് നേരിട്ട് നടത്താവുന്ന തരത്തിലേക്ക് ആക്കുന്നതായിരുന്നു മാറ്റം. ചട്ടപ്രകാരം ഇത്തരം തസ്തികളിലേക്ക് സ്ഥിര നിയമനം നടത്തുവാൻ പിഎസ് സിക്ക് മാത്രമേ അധികാരമുള്ളൂ. സർക്കാരിനോ സർവ്വകലാശാലക്കോ വേണമെങ്കിൽ താത്കാലിക നിയമനം നടത്താം.

സർവകലാശാലകളിലെ എല്ലാ അനധ്യാപക നിയമനങ്ങളും പി.എസ്.സി വഴി നടത്തണമെന്ന് കാട്ടി 2015-ൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ ലംഘനമാണ് ഇതെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഉന്നതവിദ്യാഭ്യസ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് ലഭിക്കുന്ന പരാതികളിൽ പല തവണ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സർവകലാശാലാ നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സമിതിയെ നിയോഗിക്കാനിരിക്കെ ലഭിച്ച ഈ പരാതിയെ ഗൗരവമായി തന്നെയാകും ചാൻസലർ കാണുക.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News