നാളികേരം വാങ്ങാന്‍ ആളില്ല; തെങ്ങുകൾ വെട്ടിമാറ്റി പ്രതിഷേധിച്ച് മുതലമടയിലെ കർഷകൻ

ഒരു കിലോയ്ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരം ഇപ്പോൾ ഏഴു രൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്

Update: 2023-06-20 02:59 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്:  നാളികേര വിലത്തകർച്ചയിൽ ദുരിതത്തിലാണ് പാലക്കാട് മുതലമടയിലെ കേര കർഷകർ. ഒരു കിലോയ്ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരം ഇപ്പോൾ ഏഴു രൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. സർക്കാരും കൃഷി വകുപ്പും തുടർച്ചയായി അവഗണിക്കുന്നെന്നാരോപിച്ച് കൃഷിയിടത്തിലെ തെങ്ങുകൾ വെട്ടിമാറ്റി പ്രതിഷേധിക്കുകയാണ് മുതലമടയിലെ കേരകർഷകൻ.

പാലക്കാട് മുതലമട സ്വദേശിയായ  വി.പി നിസാമുദ്ദീനാണ് സ്വന്തം കൃഷിയിടത്തിലെ തെങ്ങുകൾ മുറിച്ച് പ്രതിഷേധിക്കുന്നത്. പച്ച തേങ്ങ സംഭരണം നിലച്ചതോടെയാണ് നാളികേരവില കുത്തനെ ഇടിഞ്ഞത്. കൈകാര്യ ചെലവ് കിട്ടാത്തതിനാൽ ജില്ലയിലെ സ്വാശ്രയ കർഷക സമിതികൾ ഏപ്രിൽ ഒന്നു മുതൽ പച്ചത്തേങ്ങ സംഭരണം നിർത്തിയിരുന്നു.

കർഷകർ പ്രതിഷേധമുയർത്തിയതോടെ കേരഫെഡ് പല സമിതികളെയും തേങ്ങയെടുക്കാൻ നിർബന്ധിച്ചു. എന്നാൽ ഭൂരിഭാഗം കർഷക സമിതികളും തേങ്ങ എടുക്കുന്നില്ല. സംഭരണം നടത്തുന്ന സമിതികളിലെ കർഷകർക്ക് ഒരുമാസമായി വിലയും ലഭിച്ചിട്ടില്ല. കേര കർഷകരുടെ കണ്ണീർ കാണാൻ സർക്കാരോ കൃഷിവകുപ്പോ തയ്യാറാകുന്നില്ലെന്നും അതിനാലാണ് തെങ്ങു മുറിച്ച് പ്രതിഷേധിക്കുന്നതെന്ന് കർഷകൻ പറയുന്നു.

കച്ചവടക്കാർ ആരുംതന്നെ പത്തു രൂപയ്ക്ക് പോലും നാളികേരം എടുക്കാത്ത അവസ്ഥയാണുള്ളത്. ഇടനിലക്കാരുടെ ചൂഷണവും വർധിച്ചതോടെ തെങ്ങ് കൃഷി തന്നെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മുതലമടയിലെ കർഷകർ.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News