ഗ്യാൻവാപി: നീതിപീഠം മതേതര രാജ്യത്തിന്റെ ആശങ്കയകറ്റണം - ഐ.എസ്.എം
991ലെ ആരാധാലയ സംരക്ഷണനിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണമെന്നും ഐ.എസ്.എം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
കോഴിക്കോട്: കോടതികളിൽനിന്ന് നീതിയോടുകൂടിയുള്ള തീർപ്പുകളാണ് രാജ്യത്തെ പൗരൻമാർ ആഗ്രഹിക്കുന്നതെന്നും ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിതാവേശം ഉത്കണ്ഠയുളവാക്കുന്നതാണെന്നും ഐ.എസ്.എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. 1991ലെ ആരാധാലയ സംരക്ഷണനിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണം. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ അഭിമാനമാണെന്ന കോഴിക്കോട് എൻ.ഐ.ടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് ബന്ധപ്പെട്ടവർ ഗൗരവമായി കാണണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. 'നേരാണ് നിലപാട്' എന്ന പ്രമേയത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ തുടർപദ്ധതികളും രൂപരേഖയും കൗൺസിൽ അംഗീകരിച്ചു. 1000 ശാഖകളിൽ 'ഉസ്‌റതുൻ ഹസന' കുടുംബ സംഗമങ്ങൾക്കും റമദാൻ കാമ്പയിനിനും അന്തിമ രൂപം നൽകി.
കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷാ, സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, കെ.എൻ.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. പി.പി മുഹമ്മദ്, സെക്രട്ടറി കുഞ്ഞിപ്പ മാസ്റ്റർ, സംസ്ഥാന ജന. സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ അസീസ്, ഭാരവാഹികളായ ബരീർ അസ്ലം, സുബൈർ പീടിയേക്കൽ, മുസ്തഫ തൻവീർ, ഡോ. ജംഷീർ ഫാറൂഖി, നാസർ മുണ്ടക്കയം, ആദിൽ അത്വീഫ് സ്വലാഹി, റഹ്മത്തുല്ല സ്വലാഹി പുത്തൂർ, യാസർ അറഫാത്ത്, ജലീൽ മാമാങ്കര, സിറാജ് ചേലേമ്പ്ര, ശിഹാബ് തൊടുപുഴ, സൈദ് മുഹമ്മദ് കുരുവട്ടൂർ സംസാരിച്ചു.