ഇസ്രായേൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനിൽകുമാറാണ് പിടിയിലായത്.
തിരുവനന്തപുരം: ഇസ്രായേൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനിൽകുമാറാണ് പിടിയിലായത്. കോലഞ്ചേരി സ്വദേശിനിയിൽനിന്ന് 6.5 ലക്ഷം രൂപ തട്ടിയെത്ത കേസിലാണ് അറസ്റ്റ്.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ ഇരുപതോളം പേർ ഇയാളുടെ തട്ടിപ്പിനിരയായി എന്നാണ് വിവരം. 2011 മുതൽ ഇസ്രായേലിൽ താമസിച്ചുവരുന്ന ആളാണ് അനിൽ കുമാർ. 2016-ൽ ഇയാളുടെ വിസ കാലാവധി കഴിഞ്ഞെങ്കിലും അനധികൃതമായി അവിടെ തുടർന്ന ഇയാൾ വിസ സംഘടിപ്പിച്ചുതരാമെന്ന് പറഞ്ഞ് പലരിൽനിന്നും പണം വാങ്ങുകയായിരുന്നു.
ഇസ്രായേലിൽ തന്നോടൊപ്പം താമസിച്ചിരുന്നവരുടെ എക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് ഇത് ഇയാൾ വാങ്ങുകയായിരുന്നു. അനിൽകുമാറിന്റെ സഹായികളായി പ്രവർത്തിച്ചവർക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയൊരു ശൃംഖല തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം.