'ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ട്'; വാദത്തിലുറച്ച് സിബി മാത്യൂസ്
1996ൽ സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണമെന്നും ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് കോടതിയിൽ വ്യക്തമാക്കി
ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന വാദത്തിലുറച്ച് സിബി മാത്യൂസ്. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്. അതേസമയം, ജെയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ജില്ലാ കോടതിക്കു നൽകാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.
1996ൽ സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണം. സിബിഐയുടെ പുതിയ അന്വേഷണം അനുഗ്രഹമായി. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരും-മുന്‍ കേരള ഡിജിപി കൂടിയായ സിബി മാത്യൂസ് വ്യക്തമാക്കി.
ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർബി ശ്രീകുമാറിന്റെ നിർദേശപ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. വിദേശവനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദിക്കുന്നു.
ചാരക്കേസിനു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും കേസ് മൂലം ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തടസപ്പെട്ടിരുന്നെന്നും സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കേസ് സിബിഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം.
ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ പൊലീസും ഐബി ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്. കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ്. ദുർഗ്ഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രതികളുടെ ജാമ്യഹരജികളിൽ കക്ഷി ചേരാനായി നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്. സിബി മാത്യൂസിന്റെ വാദം ഉച്ചയ്ക്കുശേഷവും തുടരുന്നുണ്ട്.