'കൂടെ നിന്നവരെ മറക്കരുത്'; രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാൻ ക്ഷണിക്കാത്തതിൽ ലീഗ് നേതാവിന്റെ വിമർശനം
ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാർ മുണ്ടേരിയാണ് ഫെയ്‌സ്ബുക്കിൽ വിമർശനം ഉന്നയിച്ചത്
മലപ്പുറം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ ക്ഷണിക്കാത്തതിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വിമർശനം. മുസ്ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാർ മുണ്ടേരിയാണ് ഫെയ്‌സ്ബുക്കിൽ വിമർശനം ഉന്നയിച്ചത്. കൂടെ നിന്നവരേയും, വിയർപ്പൊഴുക്കിയരെയും മറന്ന് കൊണ്ടാകരുത് ആഹ്ലാദമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രിയങ്കയും രാഹുലുമെത്തിയതിന് ലീഗ് നേതാക്കളെ ക്ഷണിക്കാത്തതിൽ ലീഗിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സാധാരണ ഇരുവരും എത്തുമ്പോൾ സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കൊണ്ടോട്ടി എംഎൽഎ തുടങ്ങിയവരെ ക്ഷണിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. വയനാട്ടിലെ വലിയ വിജയത്തിന് ശേഷം പ്രിയങ്ക ആദ്യമായി കേരളത്തിലെത്തുമ്പോൾ ക്ഷണിക്കാത്തത് ശരിയായില്ല എന്നാണ് വിലയിരുത്തൽ. ഈ വിമർശനം തന്നെയാണിപ്പോൾ ലീഗിന്റെ പ്രാദേശിക നേതാക്കളും ഉയർത്തുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ സ്വീകരണത്തിലേക്ക് ലീഗിനെ ക്ഷണിച്ചില്ലെന്ന് മാത്രമല്ല, നിലമ്പൂർ നിയോജക മണ്ഡലത്തിലുള്ള കരുളായിയിലെ സ്വീകരണത്തിലും അവഗണിച്ചു. രാജ്യസഭാ എംപിയായ അബ്ദുൽ വഹാബ് നിലമ്പൂരിലുണ്ടായിട്ടും ചടങ്ങിലേക്ക് വിളിച്ചില്ലെന്നും ഇഖ്ബാൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പുകൾ ഇനിയും വരുമെന്നും കാലം ഇതിന് മറുപടി നൽകുമെന്നും ഇഖ്ബാലിനെ ടാഗ് ചെയ്ത് അമരമ്പലം മുസ്‌ലിം യൂത്ത് ലീഗും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.