സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടിയത് ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം; ചട്ടലംഘനമെന്ന് ആരോപണം
ഡിസംബർ മുതല്‍ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ സ്കൂള്‍ ബസുകള്‍ക്കാണ് ഏപ്രില്‍ വരെ കാലാവധി നീട്ടി നല്‍കിയത്
കോഴിക്കോട്: സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടിയത് ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം. ഡിസംബർ മുതല്‍ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ സ്കൂള്‍ ബസുകള്‍ക്കാണ് ഏപ്രില്‍ വരെ കാലാവധി നീട്ടി നല്‍കിയത്. സ്കൂള്‍ മാനേജർമാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. തീരുമാനം ചട്ടലംഘനമെന്നും ആരോപണം.
സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടി ഗതാഗത കമ്മീഷണർ ഉത്തരവറിക്കിയത് ഡിസംബർ 18ന്. ഡിസംബർ മുതല്‍ ഫിറ്റ്നസ് തീരുന്നവ ബസുകളുടെ ഫിറ്റ്നസ് ഈ വർഷം ഏപ്രില്‍ വരെ നീട്ടുകയായിരുന്നു. ഫിറ്റ്നസ് പരിശോധനയും ഏപ്രിലില്‍ നടത്തിയാല്‍ മതിയെന്നും നിർദേശം നല്‍കി. ഈ ഉത്തരവിട്ടത് ഗതാഗതമന്ത്രിയുടെ രേഖാമൂലമുള്ള നിർദേശപ്രകാരമാണെന്ന് ഉത്തരവില്‍ തന്നെ പറയുന്നു.
ഫിറ്റ്നസ് കാലം ദീർഘിപ്പിക്കുന്നതുള്‍പ്പെടെ തീരുമാനിക്കേണ്ടത് കേന്ദ്ര മാനദണ്ഡ പ്രകാരമാണെന്നാണ് ചട്ടം. ഇത് ലംഘിക്കപ്പെട്ടെന്ന ആക്ഷേമാണ് ഇപ്പോള്‍ ഉയരുന്നത്. ഫിറ്റ്നസ് കാലാവധി നീട്ടണമെന്ന് സ്കൂള്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് വാളകം ജിവി എച്ച് എസ് എസ് സ്കൂളിന്‍റെ മാനേജർ കൂടിയായ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫിറ്റ്നസ് കാലാവധി നീട്ടാന്‍ തീരുമാനമെടുത്തത്. കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ ഒരു വിദ്യാർഥി മരിച്ച പശ്ചാത്തിലാണ് ഈ വിവരം പുറത്താവുന്നത്.