'അഞ്ച് സെന്‍റും വീടും അപ്രായോഗികം'; മുണ്ടക്കൈ പുനരധിവാസ പദ്ധതി അംഗീകരിക്കാതെ ദുരന്തബാധിതർ
ദുരന്തബാധിതരെ വിശ്വാസത്തിലെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാരും ആവശ്യപ്പെട്ടു
വയനാട്: സർക്കാരിന്‍റെ മുണ്ടക്കൈ പുനരധിവാസ പദ്ധതി പൂർണമായും അംഗീകരിക്കാതെ ദുരന്തബാധിതർ. അഞ്ച് സെന്‍റും വീടും അപ്രായോഗികമാണെന്നും ടൗൺഷിപ്പിന് പുറത്തുള്ളവർക്ക് 15 ലക്ഷമെന്നത് സ്വീകാര്യമല്ലെന്നും ദുരിത ബാധിതർ പറഞ്ഞു. ദുരന്തബാധിതരെ വിശ്വാസത്തിലെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാരും ആവശ്യപ്പെട്ടു.
ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതി ഇന്നലെയാണ് സർക്കാർ പ്രഖ്യാപിച്ചത്. കൽപ്പറ്റയിൽ 5 സെന്‍റ് ഭൂമിയും ആയിരം സ്ക്വയർ ഫീറ്റ് വീടും എന്നതായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതൊരു തരത്തിലും അംഗീകരിക്കാൻ ദുരന്ത ബാധിതർ തയ്യാറല്ല. സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ മീഡിയവണിനോട് പറഞ്ഞു. ഇന്ന് കലക്ടറേറ്റിൽ റവന്യൂമന്ത്രി പങ്കെടുക്കുന്ന അവലോകത്തിന് ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാവുക.