ബസപകടത്തില്‍ മരിച്ച നേദ്യക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സങ്കടക്കടലായി വളക്കൈ
കുറുമാത്തൂർ ചിൻമയ സ്കൂളിലും വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും നാട്ടുകാരും ആദാരാഞ്ജലി അർപ്പിച്ചു
കണ്ണൂര്‍: കണ്ണൂർ വളക്കൈയ്യിൽ സ്കൂൾ ബസപകടത്തിൽ മരിച്ച നേദ്യ രാജേഷിന് നാടിന്‍റെ അന്ത്യാഞ്ജലി. കുറുമാത്തൂർ ചിൻമയ സ്കൂളിലും വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും നാട്ടുകാരും ആദാരാഞ്ജലി അർപ്പിച്ചു. അപകടകാരണം ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതെന്ന ഡ്രൈവറുടെ വാദം തെറ്റെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
ഒരുവട്ടം കൂടി നേദ്യ ആ പള്ളിക്കൂടത്തിന്‍റെ പടികടന്നെത്തി. ഇത്തവണ കൂട്ടിന് കളിചിരികളും പാഠപുസ്തകങ്ങളും ഉണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ നിശ്ചലയായി കിടന്ന അവൾക്കു മുന്നിൽ സങ്കടക്കടലായി സഹപാഠികളും അധ്യാപകരും നാട്ടുകാരും.
ചൊർക്കള നാഗത്തെ വീട്ടിലും നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. തുടർന്ന് മഞ്ചാലിലെ സമുദായ സ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക ടെക്നിക്കൽ സംഘം അപകടത്തിൽപ്പെട്ട ബസ് വിശദമായി പരിശോധിക്കും. രണ്ടുദിവസത്തിനുള്ളിൽ ആർടിഒയ്ക്ക് റിപ്പോർട്ട് കൈമാറും. അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെയും പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.