ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസിലാക്കണം; ആരിഫ് മുഹമ്മദ് ഖാനെതിരെ ജനയുഗം

ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല

Update: 2021-12-13 02:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

സർവകലാശാല വിവാദത്തിലൂടെ മാധ്യമ ശ്രദ്ധ നേടാനാണ് ഗവർണറുടെ ശ്രമമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. ഗവർണറുടേത് അനാവശ്യ ആരോപണങ്ങളാണ്. ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. പലപ്പോഴും ഗവർണർ രാഷ്ട്രീയ ചായ്‍വ് പ്രകടിപ്പിച്ചിട്ടുണ്ട്. സിഎഎക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള ശിപാർശ തള്ളിയത് ഇതിന്‍റെ ഉദാഹരണമാണെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. 

സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദസൃഷ്ടിയാണ് ഒടുവില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്.

ഈ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും അനാവശ്യ വിവാദമാണ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നതെന്നും അതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും സംശയിച്ചാല്‍ തെറ്റാവില്ല. ബാലിശമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത് എന്നതുതന്നെകാരണം. അതുകൊണ്ട് ഇപ്പോഴത്തെ പ്രകോപനത്തിന്റെ കാരണം അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടത്. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്നുകൊണ്ടിരിക്കേയാണ് ആ പദവി ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒന്നായി ഗവര്‍ണര്‍ പദവി ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ ക്രമസമാധാനത്തിന്റെയും മറ്റും പേരുപറഞ്ഞ് ഗവര്‍ണര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ എഴുതി വാങ്ങിയാണ് കേന്ദ്ര സര്‍ക്കാരുകള്‍ പിരിച്ചുവിട്ടത്. അതിനാല്‍തന്നെ ജനാധിപത്യഹത്യക്ക് വഴിയൊരുക്കുന്നതിനുള്ള ഉപകരണമായി ഗവര്‍ണര്‍ പദവി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. അടിയുറച്ച രാഷ്ട്രീയക്കാര്‍ക്ക് വഹിക്കുവാനുള്ളതായിരുന്നില്ല ഗവര്‍ണര്‍ പദവി. എങ്കിലും കോണ്‍ഗ്രസിന്റെ കാലത്ത് പാര്‍ട്ടിയിലെ പ്രായമേറെ ആയവര്‍ക്കും ഗ്രൂപ്പ് എതിരാളികള്‍ക്കും നല്കാനുള്ളതായി അത് മാറ്റി. ബിജെപിയാകട്ടെ അത് പാര്‍ട്ടിക്കാര്‍ക്കും വിധേയര്‍ക്കും വിശ്വസ്തര്‍ക്കുമുള്ള ഇടമാക്കി മാറ്റുകയാണ് ചെയ്തത്. കശ്മീരിലും ഗോവയിലും യുപിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ഇതിനുദാഹരണമാണ്. അവര്‍ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്നത് പലപ്പോഴും നാം കാണുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News