ബംഗാൾ ഉൾക്കടലിൽ 'ജവാദ്' വരുന്നു; കേരളത്തിന് ഭീഷണിയില്ല
തുലാവർഷ സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റ് ആയിരിക്കും 'ജവാദ്'.
ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൽക്കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
തുലാവർഷ സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റ് ആയിരിക്കും 'ജവാദ്'. കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യ നിർദേശിച്ച ജവാദ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടൽ ചുഴലിക്കാറ്റും അറബിക്കടലിലെ ന്യുനമർദവും നിലവിൽ കേരളത്തിന് നേരിട്ട് ഭീഷണിയില്ല.