സി.ജയൻബാബു സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പന്‍റെ പകരക്കാരനായാണ് ജയൻ ബാബുവിന്‍റെ പേര് ജില്ലാ നേതൃത്വം ഉയർത്തിക്കാണിക്കുന്നത്
തിരുവനന്തപുരം: സി.ജയൻബാബു സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പന്‍റെ പകരക്കാരനായാണ് ജയൻ ബാബുവിന്‍റെ പേര് ജില്ലാ നേതൃത്വം ഉയർത്തിക്കാണിക്കുന്നത്. പുതുതലമുറയിലെ നേതാവ് വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചാൽ കെ.എസ് സുനിൽകുമാറോ വി. ജോയിയോ പരിഗണിക്കപ്പെടും.
ആനാവൂർ നാഗപ്പൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയതോടെയാണ് പുതിയ ജില്ലാ സെക്രട്ടറി ആരെന്ന ചർച്ചകൾ സജീവമായത്. തിരുവനന്തപുരം മുൻ മേയറും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി. ജയൻബാബുവിനാണ് ജില്ലയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ. സി.അജയകുമാറിന്‍റെ പേരും ചർച്ചകളിലുണ്ടായിരുന്നു. സംസ്ഥാന തലത്തിൽ സി.പി.എം നടപ്പാക്കിയ തലമുറ മാറ്റം ജില്ലാ സെക്രട്ടറിയുടെ കാര്യത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷ യുവാക്കൾക്കിടയിൽ സജീവമാണ്.
അതു സംഭവിച്ചാൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽ കുമാർ സെക്രട്ടറിയാകും. വർക്കല എം.എൽ.എ വി.ജോയിയും പരിഗണിക്കപ്പെടും. എന്നാൽ ജില്ലാ നേതൃത്വത്തിൽ ഉടനൊരു തലമുറ മാറ്റം ജില്ലയിലെ മുതിർന്ന നേതാക്കൾ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടു കൂടിയാണ് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സി.ജയൻബാബു എന്ന പേരിലേക്ക് നേതാക്കൾ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും നിലപാടാണ് ഇനി നിർണായകം.