ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപ തട്ടിയ സംഭവം: ദമ്പതികളിൽ ഒരാള്‍ പിടിയില്‍

അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്

Update: 2024-04-13 01:12 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികളിൽ ഒരാള്‍ പിടിയില്‍. അമ്പതോളം പേരിൽ നിന്ന് ഇവർ തട്ടിയത് 80 ലക്ഷം രൂപയെന്ന് പൊലീസ് പറയുന്നു.

ആൻഡ്രോയ്ഡ് ഡെവലപ്പർ, സോഷ്യൽ മീഡിയ മാനേജർ, ഗ്രാഫിക് ഡിസൈനർ തുടങ്ങിയ ഒഴിവുകളിലേക്ക് വമ്പൻ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തത്.  ജോലിസ്ഥലമാവട്ടെ ദുബായും ഷാർജയും. ജോലിയന്വേഷിച്ചെത്തി ഭാര്യയുടെയും ഭർത്താവിന്റെയും കെണിയിൽ വീണത് അമ്പതോളം പേർ. നഷ്ടപ്പെട്ടതാവട്ടെ, 80 ലക്ഷത്തോളം രൂപയും.

ആദ്യം തിരുവനന്തപുരം വെള്ളയമ്പലത്ത് മിനാക്കിൾ എന്ന കൺസൾട്ടൻസി സ്ഥാപനം തുടങ്ങിയായിരുന്നു തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പി.ശങ്കറും ഭാര്യ ആര്‍. കൃഷ്ണയും ഈ രംഗത്ത് വിശ്വാസ്യതയുണ്ടാക്കിയത്. അടുത്ത ഘട്ടം ഫേസ്ബുക്കിലൂടെ ജോലി വാഗ്ദാനം. തുടർന്ന് കൺസൾട്ടൻസി സ്ഥാപനമായ മിനാക്കിൾ വഴി, കൃഷ്ണയുടെ പേരിലുള്ള അൽ മാഷപ്സ് ഡിജിറ്റൽ മീഡിയ എന്ന കമ്പനിയിലേക്ക് റിക്രൂട്ട്മെൻ്റ്. തുടർന്ന് ആദ്യഘട്ടം ഗൂഗിൾ മീറ്റ് വഴി അഭിമുഖം നടക്കുന്നു.

രണ്ടാം ഘട്ടം, അഭിരുചി പരീക്ഷ. പക്ഷേ, ഓഫർ ലെറ്റർ നൽകണമെങ്കിൽ ആദ്യം മറ്റൊരു കാര്യം ചെയ്യണം. ഓരോ അപേക്ഷകർക്കായി നിശ്ചയിച്ചിരിക്കുന്ന സർവീസ് ചാർജ് ശങ്കറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമത്രെ. ഈ നിബന്ധന അംഗീകരിച്ചത് അമ്പതോളം പേരാണ്. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് ശങ്കറെ ഒന്നാം പ്രതിയാക്കിയും കൃഷ്ണയെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. തുടർന്ന് ശങ്കറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കൃഷ്ണ എവിടെയെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News