'പാർലമെന്റ് കാണാൻ പ്രവൃത്തിദിവസവും വിദ്യാർഥികളെത്തുന്നു'; നവകേരള സദസ്സിന് കുട്ടികളെ എത്തിക്കുന്നതിനെ ന്യായീകരിച്ച് ജോൺ ബ്രിട്ടാസ്
ലോകജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുമ്പോൾ അവരെ കേൾക്കാനും കാണാനും സ്കൂൾ കുട്ടികൾ വന്നതും വരി നിന്നതും മഹാ അപരാധമായി ചിത്രീകരിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.
കോഴിക്കോട്: നവകേരള സദസ്സിന് വിദ്യാർഥികളെ എത്തിക്കുന്നതിൽ ന്യായീകരണവുമായി ജോൺ ബ്രിട്ടാസ് എം.പി. പ്രവൃത്തിദിനത്തിൽ പാർലമെന്റ് കാണാനെത്തിയ വിദ്യാർഥികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബ്രിട്ടാസിന്റെ പ്രതികരണം.
ജനാധിപത്യത്തിന്റെ ശ്രീകോവിൽ കാണാൻ കുട്ടികൾ വരുന്നതിൽ യാതൊരു അപാകതയുമില്ലെന്ന് മാത്രമല്ല അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ലോകജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുമ്പോൾ അവരെ കേൾക്കാനും കാണാനും കുട്ടികൾ വരിനിന്നതും മഹാഅപരാധമായി കാണരുതെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ, ബുധനാഴ്ച രാവിലെ 11 മണിക്ക് പാർലമെന്റിന് മുമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ്. പാർലമെന്റ് മന്ദിരം കാണാൻ സ്കൂൾ കുട്ടികൾ വരി നിൽകുകയാണ്. ഇന്നലെ എവിടെയെങ്കിലും അവധിയുള്ളതായി അറിയില്ല. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കപ്പെടുന്ന, ജനാധിപത്യത്തിന്റെ ശ്രീകോവിൽ കാണാൻ കുട്ടികൾ വരുന്നതിൽ യാതൊരു അപാകതയും ഇല്ലെന്ന് മാത്രമല്ല അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കൂടിയാണ്.
ലോകജനാധിപത്യ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുമ്പോൾ അവരെ കേൾക്കാനും കാണാനും സ്കൂൾ കുട്ടികൾ വന്നതും വരി നിന്നതും മഹാഅപരാധമായി ചിത്രീകരിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. സഞ്ചരിക്കുന്ന ക്യാബിനറ്റിലുള്ളവർ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണസാരഥികളാണ്. സങ്കുചിതമായ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ നോക്കി കാണേണ്ട കാര്യമില്ല.