'ജില്ലയിലെ പാർട്ടിയുടെ ഒന്നാമൻ'; സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ.മാണി
കേരള കോൺഗ്രസ് എമ്മിലേക്കുള്ള വരവ് തീരുമാനിക്കേണ്ടത് സജി മഞ്ഞക്കടമ്പിലാണെന്നും ജോസ് കെ.മാണി പറഞ്ഞു.
കോട്ടയം: സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ.മാണി. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്നും സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനാണെന്നുമാണ് ജോസ് കെ. മാണിയുടെ പരാമർശം. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം ചെയ്തയാളാണ് സജി. ജോസഫ് വിഭാഗം യു.ഡി.എഫിനെ തകർച്ചയിലേക്കെത്തിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിലേക്കുള്ള വരവ് തീരുമാനിക്കേണ്ടത് സജി മഞ്ഞക്കടമ്പിലാണെന്നും ജോസ് കെ.മാണി പറഞ്ഞു.
സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോൺഗ്രസിൽ ഉയരുന്ന വിമർശനം. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അതൃപ്തി കോൺഗ്രസ് പി.ജെ ജോസഫിനെ അറിയിച്ചു. പ്രശ്നപരിഹാര ശ്രമങ്ങൾ തുടങ്ങിയെന്നാണ് ജോസഫ് ഗ്രൂപ്പ് നൽകുന്ന സൂചന. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.
സജി മഞ്ഞക്കടമ്പിലിന്റെ രാജിക്ക് പിന്നാലെ സി.ഡി വത്സപ്പൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കും. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റാണ് വത്സപ്പൻ. മുതിർന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഇ. ജെ അഗസ്തി യു.ഡി.എഫ് ജില്ലാ ചെയർമാനാകും. ഇരു സ്ഥാനത്തുനിന്നുമുള്ള സജി മഞ്ഞക്കടമ്പിലിന്റെ രാജിയെ തുടർന്നാണ് പാർട്ടി തീരുമാനം.