ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി നാളെ
105 ദിവസം നീണ്ടു നിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കോടതി വിധി പറയുന്നത്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി നാളെ. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക. 105 ദിവസം നീണ്ടു നിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കോടതി വിധി പറയുന്നത്.
കേരളം ഞെട്ടലോട് കേട്ട വാർത്തയായിരുന്നു അത്. ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി അത്രയധികം കോളിളക്കം സൃഷ്ടിച്ചു. അരമനയ്ക്കുള്ളിൽ നിന്നും അഴിക്കുള്ളിലേക്ക് ഒരു ബിഷപ്പ് എത്തിയ അത്യപൂർവ്വ സംഭവം. കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിലെ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2018 ജൂൺ 27 പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബർ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിന്‍റെ കയ്യിൽ വിലങ്ങുവീണു. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു.
എന്നാൽ 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. ലൈംഗിക പീഡനമടക്കം 7 വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം. സാക്ഷിപ്പട്ടികയിൽ കർദിനാളും രണ്ട് ബിഷപ്പുമാരും അടക്കം 39 പേരെ വിസ്തരിച്ചു. 122 രേഖകളും പരിശോധിച്ചാണ് കോടതി പത്താം തിയതി വിചാരണ അവസാനിപ്പിച്ചത്. ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ സർക്കാർ തയ്യാറാകാതെ വന്നതോടെ കന്യാസ്ത്രീകൾ തെരുവിലിറങ്ങേണ്ടി വന്നതും കേരളം കണ്ടു. മൂന്ന് വർഷങ്ങൾക്കിപ്പുറം നാളെ വിധി പറയാൻ കോടതി തയ്യാറെടുക്കുബോൾ സഭയ്ക്കുള്ളിലെ അനീതികളുടെ അസ്തമയമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.