കിഫ്‌ബി മസാലബോണ്ട്: ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഹരജിയിൽ വിധി ഒക്‌ടോബർ 10ന്
ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോമസ് ഇടക്ക് കോടതിയെ അറിയിച്ചു
കൊച്ചി: കിഫ്‌ബി മസാലബോണ്ടിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡി സമൻസ് നൽകിയതിനെതിരെ തോമസ് ഐസക്ക് നൽകിയ ഹരജിയിൽ വിധി ഒക്ടോബർ പത്തിന്. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് നൽകിയത്. ഇതിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോമസ് ഇടക്ക് കോടതിയെ അറിയിച്ചു. അതേസമയം, വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിന്‍റെ പേരിൽ ഹരജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹരജി അപക്വമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.