'ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് പോകുന്നതിനേക്കാൾ നല്ലത് കിണറ്റിൽ ചാടുന്നത്': എ.എന്‍ രാധാകൃഷ്ണന്‍
'മറുനാടന്‍ മലയാളി'യോട് പല അഭിപ്രായ വ്യത്യാസങ്ങളും കാണും, എന്തിനാണ് അയാളെ ക്രൂശിക്കുന്നതെന്നും എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു
കൊച്ചി: ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് പോകുന്നതിനേക്കാൾ നല്ലത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. ബിജെപിയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞുപോകുന്നത് പരിശോധിക്കുമെന്നും പോരായ്മകള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാര്‍ക്ക് ബി.ജെ.പി യാതൊരുവിധ പരിഗണനയും നല്‍കുന്നില്ലെന്ന് പറഞ്ഞ് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച സംവിധായകന്‍ രാമസിംഹന്‍റെ വിമര്‍ശനത്തോടാണ് എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി കേസെടുത്തതോടെ കേരളത്തില്‍ ജീവിക്കാന്‍ വയ്യാതായതായും എ.എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇതുപോലെ ജനാധിപത്യ ധ്വംസനം നടന്ന കാലയളവുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവിനെതിരെയും കെ.പി.സി.സി അധ്യക്ഷനെതിരെയും കേസെടുത്തു. കെ.പി.സി.സി അധ്യക്ഷനായ കെ സുധാകരന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. ഇത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റാണെന്നും അദ്ദേഹം പറഞ്ഞു.
'മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസംഗം വാര്‍ത്തയില്‍ അവതരിപ്പിച്ചാല്‍ കേസെടുക്കുന്നതെങ്ങനെയാണ്. ഇത് ഏത് രാജ്യമാണ്. ഗോവിന്ദൻ മാഷിന്റെ വര്‍ത്തമാനം കേട്ടാൽ അയാളെ പിടിച്ച് ജയിലിൽ ഇടേണ്ടതാണ്. എന്ത് തെമ്മാടിത്തരവും പ്രസംഗിക്കാമെന്നാണോ? ആളുകളെ ഭയപ്പെടുത്തുക, പേടിപ്പെടുത്തുക. മറുനാടന്‍ മലയാളിയോട് പല അഭിപ്രായ വ്യത്യാസങ്ങളും കാണും, എന്തിനാണ് അയാളെ ക്രൂശിക്കുന്നത്. കേരളത്തില്‍ ഒരു സെല്‍ ഭരണം നടക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള കളിയാണിത്. സതീശന്‍-സുധാകരന്‍-പിണറായി കൂട്ടുക്കെട്ട് നടത്തുന്ന ഒരു കളിയാണിത്. എന്നിട്ട് ആളുകളെ മുന്നില്‍ ഗിമ്മിക്സ് നടത്തുകയാണ്. ജനാധിപത്യം ധ്വംസിപ്പിക്കുകയും പത്ര പ്രവര്‍ത്തകരെ പേടിപ്പിക്കുകയും ചെയ്യുകയാണ്'; എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ സഹോദരി വിദ്യയെ കാണാതായിട്ട് 14 ദിവസമായി. ഒരു സ്ത്രീയെ 14 ദിവസമായി പിടിക്കാത്ത പിണറായി വിജയന് വേറെ വല്ല പണിക്കും പോയിക്കൂടെ. കേരളത്തിലെ പൊലീസ് സംവിധാനം പിരിച്ചുവിട്ടുകൂടെയെന്നും രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.