കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ പീഡിപ്പിച്ച കേസ്; നീതി നിഷേധിക്കപ്പെടുകയാണെന്ന് പരാതിക്കാരി
"ശസ്ത്രക്രിയ നടന്ന് കാൽ മണിക്കൂർ പോലും തികയുന്നതിന് മുമ്പാണ് ഉപദ്രവിച്ചത്, കയ്യും കാലും അനക്കാൻ പോലുമാവുന്നുണ്ടായിരുന്നില്ല"
കോഴിക്കോട്:തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ സി യുവിൽ വെച്ച് പീഡനത്തിനിരയായ യുവതി. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നവരുടെ സസ്പെൻഷൻ പിൻവലിച്ചത് ശരിയായ നടപടിയല്ലെന്നും ജീവനക്കാർക്ക് അനുകൂലമായ സമീപനമാണ് ആശുപത്രിയുടേതെന്നും യുവതി മീഡിയ വണിനോട് പറഞ്ഞു.
"മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയ കേസിലാണ് അഞ്ച് ജീവനക്കാരെയും തിരിച്ചെടുത്തത്. തെളിവെടുപ്പ് നടത്തിയ സമയം അഞ്ചു പേരെയും തിരിച്ചറിഞ്ഞതാണ്. എന്നാൽ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ വാദം. എത്ര പണം വേണമെങ്കിലും തരാം പരാതി പിൻവലിക്കണമെന്നും ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നും എനിക്ക് മാനസിക രോഗമാണെന്നുമൊക്കെയാണ് പറയുന്നത്. കല്യാണം കഴിഞ്ഞതിനാൽ ഇതൊരു പ്രശ്‌നമല്ല എന്ന് പോലും പറഞ്ഞു.
നമ്മുടെ നിയമം ഒരിക്കലും സ്ത്രീകൾക്കനുകൂലമല്ല എന്നാണ് പ്രതികളെ തിരിച്ചെടുത്ത നടപടിയിലൂടെ വ്യക്തമാകുന്നത്. രാഷ്ട്രീയത്തിൽ പിടിപാടുണ്ടെങ്കിൽ ഏത് ജോലിയിലും തിരിച്ചു കയറാം. പൊലീസും രാഷ്ട്രീയക്കാരും ഒക്കെ തന്നെ അവർക്കൊപ്പമാണ്. ഒരു മാസമായി പ്രതികൾ ഒളിവിലാണെന്നാണ് പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിൽ കാര്യമായ പിടിപാടില്ലെങ്കിൽ എങ്ങനെ ഒളിവിൽ പോകാനാണ്? ഇതുവരെ ഒരു മന്ത്രിമാരോ മറ്റോ വിളിച്ചിട്ടില്ല. ആദ്യമൊക്കെ ആശുപത്രി ജീവനക്കാരും വലിയ പിന്തുണയാണ് നൽകിയത്. പിന്നീട് ഇവരും തഴഞ്ഞു.
പ്രതികൾക്കെതിരെ നടപടിയെടുത്താൽ നീതി ലഭിച്ചതിന് തുല്യമാണ്. പക്ഷേ ഇതിന് നേരെ വിപരീതമാണ് നടന്നിരിക്കുന്നത്. ഇവിടെ നീതി നിഷേധിക്കപ്പെട്ടു. ഐസിയുവിൽ പോലും ഇവിടെ സുരക്ഷയില്ല. ശസ്ത്രക്രിയ നടന്ന് കാൽ മണിക്കൂർ പോലും തികയുന്നതിന് മുമ്പാണ് ഉപദ്രവിച്ചത്. അർഥ ബോധാവസ്ഥയിലായിരുന്നെങ്കിലും ഒക്കെയും അറിയുന്നുണ്ടായിരുന്നു. കയ്യും കാലും പോലും അനക്കാനാവുന്നുണ്ടായിരുന്നില്ല". യുവതി പറഞ്ഞു