കെ. ബാബുവിന് തിരിച്ചടി; എം. സ്വരാജിന് ഹരജിയുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി
തൃപ്പൂണിത്തുറയില്‍ അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ട് അഭ്യർത്ഥിച്ചതെന്നാണ് ഹർജിയിൽ എം. സ്വരാജ് ആരോപിച്ചത്
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ.ബാബു എം.എൽ.എക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കാണമെന്ന എതിർ സ്ഥാനാർത്ഥി എം.സ്വരാജിന്റെ ഹർജിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തിരഞ്ഞെടുപ്പിന് വോട്ട് അഭ്യർത്ഥിച്ചതെന്നാണ് ഹർജിയിൽ എം സ്വരാജ് ആരോപിച്ചത്.
അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പ് സ്ഥാനാർഥി ഉപയോഗിച്ചെന്നും തെളിവ് സഹിതം സ്വരാജ് കോടതിയെ ധരിപ്പിച്ചിരുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പ് വിതരണം ചെയ്തതത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഹരജിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ്.
എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചു, മതിലിൽ പ്രചാരണ വാചകങ്ങൾ എഴുതി എന്ന സ്വരാജിന്റെ ഹരജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കെ.ബാബുവിന്റെ തടസ ഹരജി കോടതി തള്ളിയെങ്കിലും സ്വരാജിന്റെ ഹരജിയിൽ മറുപടി സത്യവാങ്മൂലം കെ. ബാബുവിന് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാം. വിധി തിരിച്ചടി അല്ലെന്ന് കെ.ബാബു പറഞ്ഞു.