'കോൺഗ്രസുകാർക്ക് നാലു വാക്ക് എറിഞ്ഞു കൊടുത്ത സച്ചിദാനന്ദൻ പാബ്ലോ നെരൂദയാകില്ലെന്നാരറിഞ്ഞു': സച്ചിദാനന്ദനെതിരെ കെ.കെ. കൊച്ച്‌

സച്ചിദാനന്ദനെ തിരിച്ചറിയണം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

Update: 2023-08-21 07:25 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനെതിരെ വിമർശനവുമായി എഴുത്തുകാരനും ദലിത് ചിന്തകനുമായ കെ.കെ കൊച്ച്. സച്ചിദാനന്ദനെ തിരിച്ചറിയണം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പത്തു കവിതകളെ തിരിച്ചും മറിച്ചും 100 മുതൽ 1000 കവിതകളാക്കിയ കവിക്ക് വെള്ളത്തിന് മീതെ എക്കാലവും തലയുയർത്തി കിടക്കാൻ കഴിഞ്ഞത് നായർ വൈഭവത്തിൽ കണ്ണുതള്ളിയ സിപിഎംകാരുടെ ചരിത്ര - സാമൂഹ്യ ബോധത്തിന്റെ അഭാവത്താലാണന്ന് കൊച്ച് എഴുതുന്നു. 

''സഖാക്കളുടെ ചെലവിൽ പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ ദലിത് സാഹിത്യ ശിൽപ്പശാലകൾ നടത്തിയ അദ്ദേഹം കേരളത്തിലങ്ങനെയൊരു സംരംഭത്തിന് തുനിഞ്ഞതേയില്ല.

ഒരു പാട് മാർക്സിസ്റ്റ് പുസ്തകം വായിച്ചു കോൺഗ്രസുകാരനായ കെ.വേണു (കെ. അജിതയുടെ ഓർമ്മക്കുറിപ്പുകളിലെ വേണുഗോപാലൻ നായർ ) ഉള്ള കേരളത്തിൽ കോൺഗ്രസുകാർക്ക് നാലു വാക്ക് എറിഞ്ഞു കൊടുത്ത സച്ചിദാനന്ദൻ പാബ്ലോ നെരൂദയാകില്ലെന്നാരറിഞ്ഞുവെന്നും'' കൊച്ച് ചോദിക്കുന്നു. 

വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും സച്ചിദാനന്ദൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

സച്ചിദാനന്ദനെതിരിച്ചറിയണം

നക്സലൈറ്റു പ്രസ്ഥാനത്തിന്റെ ഉശിരു ചോർന്ന 1977- 80 കളിൽ സാംസ്ക്കാരിക , സ്ത്രീ വിമോചന , വിദ്യാർത്ഥി, യുവജന , പരിസ്ഥിതി മേഖലകളിൽ പുതിയ പ്രസ്ഥാനങ്ങൾ ഉയർന്നു വരികയുണ്ടായി ഇവയിൽ ദലിത് പ്രസ്ഥാനത്തിന്നൊഴികെ മറ്റെല്ലാ പ്രസ്ഥാനങ്ങൾക്കും മാനിഫെസ്റ്റോ എഴുതി കൊടുത്ത മാന്യദേഹമാണ് കെ.സച്ചിദാനന്ദൻ ,ആ കൈപ്പുണ്യം കൊണ്ട് എല്ലാ പ്രസ്ഥാനങ്ങളും അപമൃത്യു വരിച്ചു.

കോട്ടയത്ത് നിന്നും സഖാക്കൾ പ്രസിദ്ധീകരിച്ച സച്ചിദാനന്ദന്റെ സമ്പൂർണ്ണകൃതികളുടെ ആ മുഖത്തിൽ കവി എഴുതിയത് ,സംസ്ക്കാരത്തിന്റെ ആരംഭവും അട്ടിപ്പേറ വകാശവും കെ. സച്ചിദാനന്ദൻ ,കെ.ജി.ശങ്കരപ്പിള്ള , ബി.രാജീവൻ എന്നിവർക്കാണെന്നാണ്. പിന്നീട് ചെറുതായ വിമർശനം ഉയർന്നപ്പോൾ , ആ ഭാഗം കടലാസുവെച്ച് മറച്ചാണ് വിതരണം ചെയ്തത്. അങ്ങിനെ സഖാക്കളുടെ ചെലവിൽ പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ ദലിത് സാഹിത്യ ശിൽപ്പശാലകൾ നടത്തിയ അദ്ദേഹം കേരളത്തിലങ്ങനെയൊരു സംരംഭത്തിന് തുനിഞ്ഞതേയില്ല.

പത്തു കവിതകളെ തിരിച്ചും മറിച്ചും 100 മുതൽ 1000 കവിതകളാക്കിയ കവിക്ക് വെള്ളത്തിന് മീതെ എക്കാലവും തലയുയർത്തി കിടക്കാൻ കഴിഞ്ഞത് നായർ വൈഭവത്തിൽ കണ്ണുതള്ളിയ സിപിഎംകാരുടെ ചരിത്ര - സാമൂഹ്യ ബോധത്തിന്റെ അഭാവത്താലാണ്. കേരളത്തെ അപ്പാടെ ഭരിക്കാൻ നായർക്കേ കഴിയുള്ളുവെന്നും, അതുകൊണ്ടവർ താക്കോൽ സ്ഥാനത്തു വേണമെന്ന അന്ധവിശ്വാസത്തിൽ മുങ്ങി കിടക്കുന്ന പാർട്ടിക്കും കെ.സച്ചിദാനന്ദന്റെ നായർ ജന്മത്തിനും നമോവാകം. 

മുകളിൽ പറഞ്ഞ കാര്യങ്ങൾ മോഹൻലാലിന്റെ ഭാഷയിൽ ചുമ്മാ പറയുന്നതല്ല. കക്കയത്ത് കൊല്ലപ്പെട്ട രാജന്റെ മരണം കേരളത്തിൽ ഒരു പീഡാനുഭവമായി മാറിയപ്പോൾ പതിവ് തെറ്റിക്കാതെ സച്ചിദാനന്ദൻ നീതിയുടെ വൃക്ഷം എന്നൊരു കവിത യെഴുതി. കവിതയിലുട നീളം കവി വിങ്ങിപ്പൊട്ടിയത് എം.ടി.വാസുദേവന്മാരുടെ നിലപാടിൽ തകരുന്ന സ്വന്തം ഫ്യൂഡൽ - ജാതി - അവസ്ഥയെക്കുറിച്ചായിരുന്നു. പ്രസ്തുത കവിതയെ വിമർശിച്ചു കൊണ്ട് ജല ജീവികളുടെ രോദനം എന്നൊരു ലേഖനം ഞാനെഴുതുകയുണ്ടായി. പ്രേരണയിൽ പ്രസിദ്ധീകരിച്ച ലേഖനം കലാപവും സംസ്കാരവും എന്ന പുസ്തകത്തിലുൾക്കൊള്ളിച്ചിട്ടുണ്ട്.

നിലവിൽ പുസ്തകം എന്റെ കൈവശമില്ലാത്തതിനാൽ, കൈവശമുള്ള വർ ലേഖനത്തിന്റെ പ്രസക്ത ഭാഗം ഉദ്ധരിക്കുമെന്ന് കരുതുന്നു. ഒരു പാട് മാർക്സിസ്റ്റ് പുസ്തകം വായിച്ചു കോൺഗ്രസുകാരനായ കെ.വേണു (കെ. അജിതയുടെ ഓർമ്മക്കുറിപ്പുകളിലെ വേണുഗോപാലൻ നായർ ) ഉള്ള കേരളത്തിൽ കോൺഗ്രസുകാർക്ക് നാലു വാക്ക് എറിഞ്ഞു കൊടുത്ത സച്ചിദാനന്ദൻ പാബ്ലോ നെരൂദയാകില്ലെന്നാരറിഞ്ഞു ?

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News