പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, മേയർക്ക് മാനസിക പ്രയാസമുണ്ടായെങ്കിൽ ഖേദമുണ്ട്: കെ മുരളീധരന്‍
'സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതിൽ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ആനാവൂർ നാഗപ്പനും ഡിവൈഎഫ്ഐയും സർട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല'
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ പരാതി നൽകിയതിൽ ഭയമൊന്നുമില്ലെന്ന് കെ മുരളീധരന്‍ എംപി. തനിക്കതിരെ ഒരുപാട് കേസുകൾ ഉണ്ട്. നഗരസഭയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത അഴിമതിയാണ് നടന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. തന്‍റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുരളീധരന്‍ പറഞ്ഞതിങ്ങനെ...
ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. യുഡിഎഫ് കൌണ്‍സിലര്‍മാരെ അപമാനിക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് പക്വതയില്ലാത്ത പെരുമാറ്റമെന്നാണ്. ആ പറഞ്ഞതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു.
അതേസമയം എന്‍റെ പ്രസ്താവന കൊണ്ട് അവര്‍ക്ക് മാനസികമായ പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് ഖേദമുണ്ട്. എന്‍റെ പ്രസ്താവന കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒരു മാനസിക പ്രയാസം ഉണ്ടാവാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കാരണം ഒരാള്‍ക്കും മാനസിക പ്രയാസമുണ്ടാവരുത്. ഞാന്‍ ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ വ്യക്തിപരമായി മേയര്‍ക്ക് എതിരായി അധിക്ഷേപം ചൊരിഞ്ഞു എന്ന തോന്നലുണ്ടെങ്കില്‍ അതിലെനിക്ക് ഖേദമുണ്ട്.
സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതിൽ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ആനാവൂർ നാഗപ്പനും ഡിവൈഎഫ്ഐയും തനിക്ക് സർട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല. ശരീരത്തിന്‍റെ സൗന്ദര്യം വാക്കുകളിൽ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതിൽ ഒരു അഭിമാന പ്രശ്നവുമില്ല.
ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി
ആര്യ രാജേന്ദ്രൻ കെ മുരളീധരന്‍ എംപിക്കെതിരെ പൊലീസിൽ പരാതി നൽകി. അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.
മുരളീധരന്‍റെ അധിക്ഷേപം ഇങ്ങനെയായിരുന്നു..
കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓര്‍മിപ്പിക്കുകയാണ്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നത്. കേരളത്തില്‍ അറിയപ്പെട്ട നിര്‍മാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യം, എം.പി. പത്മനാഭന്‍ എന്നിവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്.
കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്‍റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്.