'തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ല'; കേന്ദ്ര മന്ത്രിസഭാ പുനസംഘടനയെ വിമര്‍ശിച്ച് കെ മുരളീധരന്‍

'പുറത്ത് നിന്ന് വന്ന ഭാഗ്യാന്വേഷികൾക്ക് ഇടം കിട്ടിയപ്പോള്‍ തുടക്കം മുതൽ ബി.ജെ.പിയിൽ ഉറച്ചു നിന്നവർ മന്ത്രി സഭയിൽ നിന്ന് പുറത്തു പോയി'

Update: 2021-07-07 16:31 GMT
Advertising

രണ്ടാം മോദി സര്‍ക്കാരിന്‍റെ മന്ത്രിസഭാ പുനസംഘടനയെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം.പി. മോദി സര്‍ക്കാരിന്‍റെ മുഖം മിനുക്കലല്ല മുഖം വികൃതമാക്കലാണ് നടന്നതെന്നാണ് മുരളീധരന്‍റെ പരാമര്‍ശം. പുറത്തു നിന്ന് വന്ന ഭാഗ്യാന്വേഷികൾക്ക് ഇടം കിട്ടിയപ്പോള്‍ തുടക്കം മുതൽ ബി.ജെ.പിയിൽ ഉറച്ചു നിന്നവർ മന്ത്രി സഭയിൽ നിന്ന് പുറത്തു പോയി. എത്ര തൊഴുത്ത് മാറ്റിക്കെട്ടിയാലും മച്ചിപ്പശു പ്രസവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ പുനസംഘടന നടന്നത്. ഇതില്‍ 36 പേർ പുതുമുഖങ്ങളാണ്. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, നിയമം- ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരാണ് പുറത്തുപോയത്. 

പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒ.ബി.സി വിഭാഗത്തില്‍ നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. ഇന്ന് വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News